വിദ്യാഭ്യാസം

പോസ്റ്റ്‌ഗ്രാജ്വേഷന്‍  വരെ  പഠിച്ചിട്ടുണ്ടെങ്കിലും  വിദ്യാഭ്യാസം  എന്ന്  കേള്‍ക്കുമ്പോള്‍  മനുവിന്  ഓര്‍മവരുന്നത്  പണ്ട്  സ്കൂളില്‍  വച്ച്  ‘വിദ്യ’  ന്ന  പെണ്‍കുട്ടിക്ക്  വേണ്ടി  കാട്ടിക്കൂട്ടിയ  അഭ്യാസങ്ങളാണ്.

ഒരു  ട്രെയിന്‍  യാത്രയില്‍  വച്ചാണ്  മനു  അവളെ  വീണ്ടും  കാണുന്നത്.  മുന്നിലിരുന്ന  പന്നിക്ക്  പിത്തം പിടിച്ചത്  പോലുള്ള  സ്ത്രീരൂപത്തെ  ശ്രെധിക്കാതിരുന്നത്  കൊണ്ടാവണം  മനുവിന് മനസിലായില്ല. അവളാണ്  ആദ്യം  തിരിച്ചറിഞ്ഞത്.  (അല്ലെങ്കിലും  ഈ പെണ്‍കുട്ടികള്‍  അങ്ങനെയാണല്ലോ.)

“ഇതാര്?” അവള്‍ ചോദിച്ചു, കൃത്രിമമായ ആശ്ചര്യത്തോടെ.

“ഇത് ഞാന്‍ തന്നേണ്”  മനുവിന്  ആലോചിക്കേണ്ടി   വന്നില്ല.

“ങ്ങേ?”

“സത്യാട്ടും, ഞാന്‍ ഞാന്‍ തന്നേണ്, … അല്ല … ന്നാണ് ന്‍റെ  വിശ്വാസം … അല്ലേ?… “

“നിനക്കൊരു മാറ്റോം ഇല്ലല്ലോടാ …”

ആ പറഞ്ഞത് മനു വ്യക്തമായി കേട്ടെങ്കിലും ഒരട്ടഹാസം അതിനെ മുക്കികളഞ്ഞു,  സത്യത്തില്‍  അത് ഒരാള്‍  ചിരിച്ചതായിരുന്നു.  ആ ശബ്ദത്തിന്‍റെ  സോഴ്സ്  കണ്ടെത്തുവാന്‍  മനുവിന്  കണ്ണൊന്ന്  സൂം  ചെയ്യേണ്ടിവന്നു. ഒരാജാനബാഹു,  സിനിമാനടന്‍ ഇന്ദ്രന്‍സിന്‍റെ  അത്രേം വരില്ലെങ്കിലും.

“എട്ടന് മനസിലായില്ലേ … മനു … പണ്ട്  സ്കൂളില്‍  ഒരുമിച്ചാരുന്നു, … ബ്ലോഗ്‌  ഒക്കെ എഴുതാറുണ്ട്”

” ആഹാ ” ആള്‍ മനുവിനെ ആശ്ചര്യത്തോടെ നോക്കി, ഇതെന്ത്  ജീവിയാണ്  ബ്ലോഗൊക്കെ  എഴുതുന്ന  സാധനം, മനുഷ്യനെപ്പോലെയുണ്ടല്ലോ കണ്ടിട്ട് ന്ന റോളില്‍.

പിന്നെയും  അവള്‍  എന്തൊക്കെയോ  ചോദിച്ചു (മനുവിനോട്). പയ്യെ   ചോദ്യങ്ങളില്‍   നിന്ന്  റേഡിയോ   പ്രഭാഷണം   മാത്രമായി. ആലപ്പുഴയില്‍  നിന്ന്  എറണാകുളം  വരെയുള്ള  യാത്രയില്‍  അവര്‍  ഒരു  ശല്യമായില്ലെങ്കിലും  ഒറ്റയ്ക്കായിരുന്നെങ്കില്‍  ഇത്രേം ബോറടിക്കില്ലായിരുന്നു  ന്ന്  മനുവിന് തോന്നി. അല്ലെങ്കിലും  ഇങ്ങനെ  ഒരു  കഥയുമില്ലാതെ  ചിലചോണ്ടിരിക്കാന്‍  അവള്‍  പണ്ടേ  മിടുക്കിയാണ്.

ട്രിയിനിറങ്ങുമ്പോള്‍ അവിടെയുണ്ടാവും  എന്ന്  പറഞ്ഞ  ആള്‍ക്കാരെ  അവിടെയെങ്ങും  കണ്ടില്ല. ഭാഗ്യം,  ഇല്ലെങ്കില്‍  ഇവളെ  അവര്‍ക്ക്  പരിചയപ്പെടുത്തികൊടുക്കേണ്ടി  വന്നേനെ. കൂട്ടത്തില്‍  പെണ്‍കുട്ടികള്‍  ഉള്ളതായിരുന്നു  മനുവിന്‍റെ  പേടി.  ചെക്കമാരാണെങ്കി  രണ്ട്  ഡയലോഗടിച്ച്  അതവിടെ   വിടും.  പക്ഷേ  കൂടെയുള്ള  കാന്താരിമാര് കുത്തികുത്തി  നൂറു ചോദ്യം  ചോദിക്കും.  ഇവളെ  ഈ  കോലത്തില്‍  അവര്  കണ്ടിട്ട് തനിക്ക് പണ്ടൊരു  ക്രഷ്  ഉണ്ടായിരുന്ന  ആളാണ്  ന്നൂടി  അവര്  മനസിലാക്കിയാല്‍  (അത്  മനസിലാക്കൂല്ലോ ) തീര്‍ന്ന്, പിന്നെ  നിര്‍വചിക്കാന്‍  സാധിക്കാത്ത  വികാരങ്ങള്‍  ദ്യോതിപ്പിക്കുന്ന  പല  സേസ്  ചിരി  കാണേണ്ടിവരും,  മനുവിന്  അതില്‍  തീരെ  താല്‍പര്യമുണ്ടായിരുന്നില്ല.

ബൈ  പറഞ്ഞ്  നടന്ന്  പോകുന്ന  അവരെ  മനു  ചുമ്മാ  നോക്കിനിന്നു.  രണ്ടാളും  കൂടി  നടന്ന്  പോകുന്നത്  കണ്ടപ്പോള്‍  കുട്ടിക്കാലത്ത്  സൈക്കിള്‍  ടയര്‍  ഒര്  കമ്പ് കൊണ്ട്  ഓടിച്ച്  പോകുന്ന  സീനാണ്  മനു  ഓര്‍ത്തത്. അല്ലെങ്കില്‍ തന്നെ വിദ്യയെ കണ്ടപ്പോള്‍ തന്നെ മനു കുട്ടിക്കാലത്തേക്ക്  പോകാന്‍  ടൈം  മെഷീനില്‍ കയറിയിരുന്നു.

എന്നാലും ഇവള്‍ ഇത്രേം വണ്ണം വച്ചതെങ്ങനെയാവും എന്ന് മനു ആലോചിക്കാതിരുന്നില്ല. പണ്ട്  “എന്‍റെ  പെന്‍സിലിന് നിന്നെക്കാള്‍ വണ്ണമുണ്ടെല്ലോടീ ” ന്നും പറഞ്ഞ്  ഒരുപാട്  കളിയാക്കിയിട്ടുള്ളതാണ്. അതിന്‍റെ  പേരില്‍  ആ  ദുഷ്ട  മനുവിന്  പ്രീയപ്പെട്ട  ചാമ്പയ്ക്ക  നെല്ലിക്ക  ഒക്കെ മനുവിന്‍റെ  മുന്നില്‍  വച്ച്  മനുവിന്  കൊടുക്കാതെ  തിന്നിട്ടുമുണ്ട്.  അല്ലെങ്കിലും  ഇവളുമാരൊക്കെ  പ്രീയപ്പെട്ടതൊക്കെ   നിക്ഷേധിച്ചുകൊണ്ടാണല്ലോ  പിണക്കം  പ്രകടിപ്പിക്കുന്നത്.  എന്തോ,  അതിലെ  നയതന്ത്രം  മനുവിന് അന്ന്   മനസിലായിട്ടുണ്ടായിരുന്നില്ല. ഇന്ത്യയുടെ  ലോജിസ്റ്റിക് റ്റീമില്‍  സ്ത്രീകളെ  അധികം  കാണാത്തത്  മനുവിന്  അത്ഭുതമായ്  തോന്നി. കണ്‍സര്‍വേറ്റീവുകളാണെങ്കിലും  ഇക്കാര്യത്തില്‍  ഇന്ത്യ പാക്കിസ്ഥാനെ  കണ്ട്പഠിക്കണം.

എറണാകുളം സൌത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ജോസ് ജങ്ങ്ഷനിലേക്ക് പോകുന്നവഴിയില്‍ ലെതറെന്നപേരില്‍  റക്സിന്‍ വില്‍ക്കുന്ന  കുറേ കടകളുണ്ട്. ആ വഴിയിലേക്ക് കടക്കും മുന്നേ ഇടത്തേക്ക് തിരിയുന്ന  വഴിയില്‍  ചായക്കടകളുടെ  സംസ്ഥാനസമ്മേളനമാണ്‌.  ചൂട്  ചായ കുടിക്കുമ്പോള്‍  എന്തെലുവൊക്കെ  ആലോചിച്ചോണ്ട്‌  നില്‍ക്കുന്നത്  മനുവിന്‍റെ  ശീലമാണ്. ഒരിക്കല്‍  സ്നേഹിച്ചിരുന്ന  ആളെ  ആളുടെ ഭാര്യ/ഭര്‍ത്താവിനൊപ്പം കാണേണ്ടി വരുന്നത് ഒരു പ്രത്യേക  അനുഭവമാണെന്ന്  മനു തിരിച്ചറിയുകയായിരുന്നു, പ്രത്യേകിച്ചും മറ്റേ കഥാപാത്രം ബാച്ചിലര്‍/സ്പിന്‍സ്റ്റര്‍ സ്റ്റാറ്റസ്സിലാണെങ്കില്‍. ആ വിഷയം ഒരു Ph.D എടുക്കാന്‍ മാത്രം  ഡെപ്ത്  ഉള്ളതാണെങ്കിലും  കേരളത്തിലെ  യൂണിവെഴ്സിറ്റികളെക്കുറിച്ച്  മനുവിന്  നല്ല  മതിപ്പായത് കൊണ്ട് പയ്യെ  വേണ്ടാന്ന് വയ്ക്കുകയായിരുന്നു.

മനുവിന്‍റെ  ചിന്തകള്‍  തീപിടിക്കുന്നുണ്ടായിരുന്നു, എന്നിട്ടും  ഒരു  സിഗരറ്റ്  കത്തിക്കുവാന്‍  മനുവിന്  ലൈറ്റര്‍ വേണ്ടിവന്നു.  കേരളത്തിലെ  താരതമ്യേന നഗരം എന്ന്  വിളിക്കാവുന്ന  ആ  സ്ഥലത്ത്  എന്തിനോവേണ്ടി  പായുന്ന  ആള്‍ക്കൂട്ടത്തിന് നടുവില്‍  പ്രത്യേകിച്ച്  ഒന്നും  ചെയ്യാനില്ലാത്തതിനാല്‍  മനു  ഒരു  ചായകൂടി  ഓര്‍ഡര്‍ ചെയ്തു, ഒരു  സിഗരറ്റ്  കൂടി  കത്തിച്ചു.

NB : കഥാപാത്രത്തോട്  താഥാത്മ്യം പ്രാപിച്ച്പോയോ  എന്നൊരു  സംശയം  തോന്നിയതിനാല്‍  രണ്ടാവര്‍ത്തി   വായിച്ച്  നോക്കിയിട്ടാണ്  പബ്ലീഷ്  ചെയ്യുന്നത്,  സംശയമൊന്നും  തോന്നീല്ലല്ലോ?

 • balettan

  Kalakki machchaa…..Manu is a nice name, it comes to us automatically while writing abt bachelor life…i donno why.

 • Nachi Rockz !! .. almost all have same feeling..the interesting fact is tht some time we have the same after our marriage..when we meet our old crush feeling like “അയ്യേ… ഈ കൂറയെ ആണല്ലോ ..”

  Sorry to hard core lovers and love at first sight teams

 • Aiswarya

  അഭ്യാസങ്ങള്‍ കൂടി എഴുത്തായിരുന്നു 🙂

 • Aiswarya

  അഭ്യാസങ്ങള്‍ കൂടി എഴുതാരുന്നു 🙂

 • Nisha

  ithevideya, vallappozhum okke oro blog ittu koode?
  kollam tto vidya abhyasam 🙂

 • Cijo

  ennittu ee vidya ippo evide undu? 😉

Back to top