ശക്തിമരുന്ന് നിരോധിക്കണം

ഒറ്റനോട്ടത്തില്‍ വലിയ കുഴപ്പങ്ങളൊന്നും കാണാന്‍ കഴിയാത്ത ആശയങ്ങളുമായാണ് ഓരോ ദുഷ്ടശക്തികളും സമൂഹത്തില്‍ വേരുറപ്പിക്കുന്നത്. പയ്യെ അവര്‍ നമ്മുടെ ചിന്തിക്കാനുള്ള കഴിവിനെ അവര്‍ക്ക് വേണ്ട രീതിയില്‍ രൂപപ്പെടുത്തിയെടുക്കുന്നു. അതിന്‍റെ ദോഷവശങ്ങള്‍ ഒക്കെ തിരിച്ചറിയുമ്പോഴേക്കും അവര്‍ നമ്മുടെ മേല്‍ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ടാവും, നമ്മള്‍ ഒരുപാട് വൈകിയിട്ടുണ്ടാവും.

പറഞ്ഞ് വരുന്നത് ബാലമംഗളത്തിലെ ‘ശക്തിമരുന്ന്’ എന്ന ചിത്രകഥയെക്കുറിച്ചാണ്. (ശക്തിമരുന്ന് എന്ന് കേട്ടപ്പോ വേറൊന്നും പ്രെതീക്ഷിച്ചില്ലല്ലോ ല്ലേ?). ഒരു ബാലമാസികയിലെ ചിത്രകഥയില്‍ എന്താ ഇത്ര ആനക്കാര്യം എന്ന് നിങ്ങള്‍ ചോദിച്ചേക്കാം.. നമ്മുടെ ഈ മനോഭാവത്തെയാണ് അവര്‍ ഇത്രയും കാലം ചൂഷണം ചെയ്ത്കൊണ്ടിരുന്നത്. അതില്‍ ഒളിഞ്ഞിരിക്കുന്ന ഭീകരത തുറന്നു കാട്ടുവാന്‍  താത്വീകമായ ഒരവലോകനം തന്നെ വേണ്ടിവരും. നിങ്ങള്‍ എന്നെ തടയരുത്, ഞാന്‍ ഇത് നിങ്ങള്ക്ക് കൂടി വേണ്ടിയാണ് ചെയ്യുന്നത്.

പുറമേ നോക്കുമ്പോള്‍ കുട്ടികളെ രസിപ്പിക്കാനുള്ള ഒരു സൂപ്പര്‍ ഹീറോ ചിത്രകഥ – അതാണ് നമുക്കറിയാവുന്ന ‘ശക്തിമരുന്ന്’. എന്താണ് അതിന്‍റെ കഥ?. സുശീലം കുശീലം എന്നീ രണ്ട് ആജന്മവൈരികളായ നാട്ടുരാജ്യങ്ങള്‍, ഒരു കൂട്ടരെ നല്ലവരായും മറ്റവരെ ദുഷ്ടന്‍മാരായും പേരുകള്‍ തന്നെ സൂചിപ്പിക്കുന്നു. സുശീലത്തിലെ കൊട്ടാരം വൈദ്യന്‍ ഉണ്ടാക്കുന്ന ഒരു മരുന്ന് ആര്‍ക്കും അഭൗമീക കായിക ശക്തി നല്‍കാന്‍ പോന്നതാണ്. അത് തന്‍റെ ശിഷ്യനും കഥയിലെ നായകനുമായ നമ്പോലനില്‍ പരീക്ഷിക്കുന്ന വൈദ്യന്‍ അവനെ ഉപയോഗിച്ച് ശത്രു രാജ്യത്ത് ഭീകരാക്രമണം നടത്തുന്നു. സൈനീക അംഗബലത്തില്‍ സുശീലത്തെ അപേക്ഷിച്ച് വളരെ മുന്നില്‍ നില്‍ക്കുന്ന കുശീലത്തെ പട്ടാളക്കാരെയും പൊതുജനങ്ങളെയും മണിക്കൂറുകള്‍ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി അരക്ഷിതാവസ്ഥ സൃഷ്ടിച്ച് അവസാനം ശക്തിമരുന്നിന്‍റെ ഗ്യാസ്‌ തീരുന്നതോടെ കീഴടങ്ങുകയും കുശീലത്തെ സര്‍ക്കാര്‍ അവനെ ഒരു പോറലുപോലുമേല്‍പ്പിക്കാതെ തടവില്‍ സുഭിക്ഷമായി പാര്‍പ്പിക്കുകയും ചെയ്യുന്നു. തന്ത്രശാലിയായ വൈദ്യര്‍ തന്‍റെ ദൂതനായ കുഞ്ഞിക്കിളി വശം അടുത്ത ടോസ് മരുന്ന് നമ്പോലന്‍റെ കയ്യിലെത്തിക്കുകയും തുടര്‍ന്ന് ഒരു അട്ടിമറിയിലൂടെ നമ്പോലന്‍ അവിടന്ന് രക്ഷപെടുകയും ചെയ്യുന്നു. വീണ്ടും വീണ്ടും കഥ സെയിം പാറ്റേണില്‍ ആവര്‍ത്തിക്കപ്പെടുന്നു. ആനുകാലീക സംഭവങ്ങളുമായി തട്ടിച്ച് നോക്കുമ്പോള്‍ ഈ കഥയില്‍ ഒരല്‍പ്പം പ്രശ്നമില്ലേ?. അത് തന്നെയാണ് എനിക്ക് നിങ്ങളോടും പറയാനുള്ളത്. സംഭവം സീരിയസ് മാറ്ററാണ്, ഇനിയങ്ങോട്ട് ശ്രെദ്ധിച്ചു വായിക്കുക.

ക്യാച്ച്  ദം യങ്ങ് എന്ന് പറയുംപോലെ  ഇവിടെ കുട്ടികളെ അക്ഷരം കൂട്ടിവായിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ തങ്ങളുടെ വലയിലാക്കുകയാണ്. എന്താണ് ഇത് കുട്ടികളില്‍ ചെലുത്തുന്ന സ്വാധീനം?. ഒരു സൂപ്പര്‍ ഹീറോ ആവാന്‍ വേണ്ടി എന്തും ചെയ്യാന്‍ കുട്ടിക്കാലത്തേ തന്നെ അവരെ പ്രേരിപ്പിക്കുന്നു. അങ്ങനെ ഒരു മേക്ക്-ബിലീഫ്‌ വേള്‍ഡ് സങ്കല്‍പ്പിച്ചുണ്ടാക്കുന്ന അവര്‍ തികഞ്ഞ ഇന്‍ടിവിജ്വലിസ്റ്റ്കളായി സെല്ഫിഷായി മാതാപിതാക്കള്‍ക്ക് പോലും മനസിലാക്കാനാവാത്ത ഒരു തലത്തിലേക്കെത്തുന്നു. വ്യക്തിത്വം ടെവെലെപ് ചെയ്യുന്ന പ്രായമാണെന്നോര്‍ക്കണം. പണ്ട് പത്തും പന്ത്രണ്ടും മക്കളുള്ളവര്‍ ഓരോ കുഞ്ഞിനേയും മനസിലാക്കിയിരുന്നു, നിയന്ത്രിച്ചിരുന്നു. ഇന്ന് ഒരു കുട്ടിയുള്ളവര്‍ക്ക് പോലും അത് കഴിയാതെ വരുമ്പോള്‍ നമ്മള്‍ ചിന്തിക്കണം, എവിടെയാണ് പിഴച്ചതെന്ന്. തങ്ങള്‍ സൂപ്പര്‍ ഹീറോ ആണെന്നും മറ്റുള്ളവര്‍ നമുക്ക് പുഛിക്കാനും  ആക്രമിക്കാനും ഉള്ളവരാണെന്നുമുള്ള അവബോധത്തോടെ, വ്യക്തിത്വ പെരുമാറ്റ വൈകല്യങ്ങലോടെ വളര്‍ന്നു വരുന്ന കുട്ടികളല്ലേ പിന്നീട് സാമൂഹിക വിപത്തായി മാറുന്നത്?. സാരോപദേശ കഥകള്‍ പറഞ്ഞുതന്നിരുന്ന മുത്തശ്ശിമാരുടെ സ്ഥാനാം ഇത്തരം ചിത്രകഥകള്‍ ഏറ്റെടുത്തപ്പോള്‍ അതിലെ സാമ്രാജ്യത്ത്വ അജണ്ട നാം തിരിച്ചറിഞ്ഞില്ല എന്നതല്ലേ സത്യം?.

വിശേഷദിവസങ്ങള്‍ക്ക് ശേഷം മാധ്യമങ്ങളില്‍ വരുന്ന മദ്യവില്‍പ്പനയുടെ കണക്കുകള്‍ ആരെയും അമ്പരപ്പിക്കും. മനസിന്‌ ശക്തികിട്ടുവാന്‍ മദ്യവും ഉദ്ധാരണം നീണ്ടുനില്‍ക്കാന്‍ ‘എക്സ്ട്രാ പവറും’  കഴിക്കുന്നവര്‍ ശെരിക്കും നമ്പോലനെയല്ലേ മാതൃകയാക്കുന്നത്?. പുരുഷന്മാര്‍ മദ്യത്തിനും എക്സ്ട്രായ്ക്കും സ്ത്രീകള്‍ കോസ്മെറ്റിക്സിനും ഒരു വര്‍ഷം ചിലവാക്കുന്ന മൊത്തം പണത്തിന്‍റെ കണക്കെടുത്താല്‍ പത്മനാഭന്‍ പോലും ഞെട്ടിപ്പോകും. ഇതൊക്കെ വിഷമാണെന്ന് നല്ല ബോധം ഉണ്ടായിട്ടും വീണ്ടും വീണ്ടും പണം കൊടുത്തു വാങ്ങി ഉപയോഗിക്കുമ്പോള്‍, ഇതൊക്കെയുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ ചികിത്സിക്കുവാന്‍ പ്രായമാകുമ്പോള്‍ പിന്നെയും നല്ലൊരു തുക ചിലവാക്കേണ്ടി വരുമ്പോള്‍ നമുക്ക് കാര്യമായ എന്തോ തകരാറുണ്ട് എന്ന് നമ്മള്‍ തന്നെ സമ്മതിക്കേണ്ടി വരും. മരുന്നടിക്കുന്ന മുന്‍സിപ്പാലിറ്റിക്കാരന്‍ മുതല്‍ മരുന്നടിക്കുന്ന അത്‌ലറ്റുകള്‍ വരെ ശക്തിമരുന്നിന്‍റെ സ്വാധീനവലയത്തിലാണ് എന്ന് പറയുമ്പോള്‍ ഒരു ചിത്രകഥ ഒരു സമൂഹത്തിന്‍റെ പൊതുബോധത്തേയും പൊതുജനാരോഗ്യത്തേയും എത്രത്തോളം ദോഷകരമായി ബാധിക്കുന്നു എന്ന് നാം മനസിലാകണം.

മറ്റൊരു പ്രധാനപ്പെട്ട വസ്ത്തുത, നമ്പോലന്‍ മൈനറാണ് എന്നതാണ്, നമ്പോലന്‍ മാത്രമല്ല വൈദ്യന്‍ ഈ മരുന്ന് പ്രയോഗിക്കാറുള്ള മറ്റൊരു ആള്‍ കൊച്ചുവീരന്‍ മുലകുടി മാറാത്ത കോണകം മാത്രം ധരിച്ച കുഞ്ഞ്യേ കുട്ടിയാണ്. കുട്ടികളുടെ മേല്‍ മരുന്നുകള്‍ പരീക്ഷിക്കുന്നത് വല്യ കാര്യമൊന്നുമല്ല എന്ന സന്ദേശമല്ലേ അത് നല്‍കുന്നത്?. ആ ആശയം നമ്മുടെയുള്ളില്‍ വേരുറച്ചു എന്ന ധൈര്യത്തിലല്ലേ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ മറ്റു രാജ്യങ്ങള്‍ നിരോധിച്ച ഒരു വാക്സിന്‍ നമ്മുടെ കുട്ടികള്‍ക്ക് മേല്‍ പരീക്ഷിക്കാന്‍ പോകുന്നത്?. അതൊക്കെപ്പോട്ടെ, ലോകത്തേത് രാജ്യത്തും കുട്ടികളോടുള്ള അതിക്രമങ്ങള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കും. ഇവിടെ കേസായാല്‍ത്തന്നെ മാധ്യമ വിചാരണയ്ക്ക് ശേഷം അവര്‍ക്കു വേറെന്തെങ്കിലും കിട്ടുമ്പോള്‍ ഫ്രീ ആവാം, വിധി വരാന്‍ ഒരമ്പത് കൊല്ലം പിടിക്കും, ഇനി ശിക്ഷിക്കപ്പെട്ടാല്‍ത്തന്നെ ജയിലില്‍ എ ക്ലാസ്സ്‌ സൗകര്യങ്ങളും മനുഷ്യാവകാശങ്ങളും(അതിവിടെ സാധാരണക്കാരന് കിട്ടുന്നില്ലെങ്കിലും കുറ്റവാളികള്‍ക്ക് കൃത്യമായി കിട്ടുന്ന ഒന്നാണ്) ,പിന്നെ  ഹോള്‍ഡ്‌ ഉണ്ടെങ്കില്‍ പരോള്‍ എന്ന പേരില്‍ ഫുള്‍ടൈം പുറത്തു കറങ്ങി നടക്കാനുമാവും എന്നതല്ലേ വൈദ്യരുടെ ധൈര്യം?.

റിബലുകളെക്കൊണ്ട് ഏറ്റവും കൂടുതല്‍ പ്രയോജനമുള്ളത് മാധ്യമങ്ങള്‍ക്കാണ്‌(TAM റേറ്റിംഗ്, സര്‍ക്കുലേഷന്‍). റിബലുകളെ അങ്ങീകരിക്കുവാന്‍ തക്കവണ്ണം കുട്ടികളുടെ മനസിനെ പാകപ്പെടുത്തി, പറ്റുമെങ്കില്‍ അവരില്‍ ചിലരെ റിബലുകളാക്കി തങ്ങള്‍ക്കുള്ള ഇരകളാക്കി മാറ്റുവാനുള്ള മാധ്യമ ഗൂഡാലോചനയും നമ്മള്‍ സംശയിക്കേണ്ടിയിരിക്കുന്നു. ഓര്‍ക്കുക ബാലമംഗളവും ഒരു മാധ്യമമാണ്. ഇവിടെ ഒരു മാധ്യമ സിന്‍റിക്കേറ്റുണ്ടെന്ന് ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ പണ്ടേ പറഞ്ഞിട്ടുണ്ട്. ഇവര്‍ക്ക് വിദേശ ധനസഹായം ലഭിക്കുന്നുണ്ട് എന്നത് ഉറപ്പാണ്‌, ഏതു ഏജന്‍സിയാണ് എന്നുമാത്രമേ ഇനി കണ്ടെത്താനുള്ളൂ. മറ്റൊരു പ്രധാനപ്പെട്ട സംഗതി ഈ ചിത്രകഥയേക്കുറിച്ചോ അതിലെ ആരോപണവിധേയരായ കഥാപാത്രങ്ങളെ ക്കുറിച്ചോ യാതൊരു വിവരവും എങ്ങും ഇല്ല എന്നതാണ്.  ആരാണീ വൈദ്യന്‍, ആളൊരു അംഗീകൃത നാട്ട് വൈദ്യനാണോ? അതോ വ്യാജനാണോ?, പുള്ളി BAMS പസ്സായിട്ടുണ്ടോ? ഉണ്ടെങ്കില്‍ ഏതു കോളേജ്? ഏതു വര്‍ഷം?. ഈ ശക്തിമരുന്നില്‍  ഏതെങ്കിലും നിരോധിക്കപ്പെട്ട കെമിക്കല്‍ അടങ്ങിയിട്ടുണ്ടോ?, ഉണ്ടെങ്കില്‍ തന്നെ അത് അനുവദനീയമായ അളവില്‍ക്കൂടുതലാണോ?, ഏതെങ്കിലും അംഗീകൃത ലാബില്‍ ടെസ്റ്റ്‌ ചെയ്തിട്ടുണ്ടോ?, ഉണ്ടെങ്കില്‍ തന്നെ ടെസ്റ്റ്‌ പാസ്സയോ?, അതില്‍ കൃത്രിമം നടന്നിട്ടുണ്ടോ?. കുഞ്ഞിക്കിളിയുടെ പടം ലോഗോ ആയി ഉപയോഗിക്കുന്ന കോര്‍പ്രേറ്റ്‌ കമ്പനിക്ക്‌ ഇതില്‍ എന്തെങ്കിലും പങ്കുണ്ടോ? തുടങ്ങി ഒരു ചോദ്യത്തിനും എവിടെയും മറുപടിയില്ല. സഹോദര സ്ഥാപനമായ മംഗളത്തിന്‍റെ വെബ്‌ സൈറ്റില്‍ ബാലമംഗളത്തിന്‍റെ ലിക് കാണാനില്ല (ഇതെഴുതുമ്പോള്‍). കൗശലക്കാരിയായ പരദൂഷണക്കാരിയെ പ്പോലെ എന്തും എവിടന്നും ചോര്‍ത്തിയെടുക്കുന്ന ഗൂഗിള്‍ പോലും കൈ മലര്‍ത്തുന്നു. എന്നേക്കുറിച്ച് പോലും ഒരു ഫുള്‍ പേജുള്ള വിക്കിയില്‍ പോലും ശക്തിമരുന്നിനെക്കുറിച്ച് വെറും ഒരുവരി മാത്രമാണുള്ളത് എന്നത് വളരെ ആശങ്കയുണര്‍ത്തുന്ന ഒന്നാണ്.

നായകന്‍ ഇടിക്കുമ്പോള്‍ മൈദാപ്പൊടി പറത്തി കിലോമീറ്ററുകള്‍ ദൂരെ വീഴുന്ന വില്ലന്മാര്‍ നമ്മുടെ സിനിമകളിലെ സ്ഥിരം കാഴ്ച്ചയാണ്. ജനകോടികള്‍ പട്ടിണി കിടക്കുന്ന ഈ രാജ്യത്ത് റോക്കറ്റ് വിടാന്‍ കോടികള്‍ ദുരുപയോഗം ചെയ്യുന്ന ശാസ്ത്രജ്ഞന്‍മാര്‍, അവര്‍ക്ക് കുടപിടിക്കുന്ന ഭരണകൂടം. ശക്തിമരുന്നിന്‍റെ കഥപോലെ ആവര്‍ത്തിക്കപ്പെടുന്ന ഭീകരാക്രമണങ്ങള്‍, അതിനോടുള്ള രാഷ്ട്രീയക്കാരുടെ നിസംഗത. ഇതിനെല്ലാത്തിനോടുമുള്ള പൊതുജനങ്ങളുടെ നിസംഗത. കല, ശാസ്ത്രം, രാഷ്ട്രീയം എന്നിവയെല്ലാം വഴിതെറ്റിപ്പോകുമ്പോള്‍ നമുക്കെങ്ങനെയാണ് നല്ലൊരു സംസ്കാരമുണ്ടെന്നു മേനിപറയാനാകുക. ജനാധിപത്യത്തിന്‍റെ നാലു തൂണുകളുടേയും താക്കോല്‍സ്ഥാനങ്ങളില്‍ മലയാളികളുണ്ട്. അവരൊക്കെ അവരുടെ കുട്ടിക്കാലത്ത് ബാലമംഗളം വായിച്ചിരുന്നു, അത് ഇപ്പോഴും അവരെ ആഴത്തില്‍ സ്വാധീനിക്കുന്നു എന്നാണ് പ്രധാനപ്പെട്ട സമയങ്ങളില്‍ അവരുടെ നിഷ്ക്രിയത്ത്വം കാണുമ്പോള്‍ എനിക്ക് തോന്നുന്നത്.

തുണ്ടുപടങ്ങളും രതിനിര്‍വേദവും കാണുന്നത് കൊണ്ടാണ് പിള്ളേര് പോലും കേറി പീഡിപ്പിക്കുന്നതെന്നും, അതൊക്കെ നിരോധിച്ച് പണ്ട് സാക്ഷരതാ മിഷന്‍ നടത്തിയത് പോലെ എല്ലാവര്‍ക്കും ലൈംഗീകവിദ്യാഭ്യാസം നല്‍കിയാല്‍ നാളെ മുതല്‍ ആബാലവൃദ്ധം പീഡനവീരന്മാരും പീഡനമൊക്കെ നിര്‍ത്തി ഡീസെന്‍്റായിക്കോളും എന്ന തിയറി ശക്തമാകുമ്പോള്‍ തന്നെ അതേ തിയറി പ്രകാരം ഒരു പടികൂടിക്കടന്ന് ഈ വക ചിത്രകഥകള്‍ നിരോധിച്ചാല്‍ അടുത്ത രണ്ട് തലമുറകൊണ്ട് ഭൂമിമലയാളത്തിന് ടോട്ടല്‍ ക്വാളിറ്റി പീപ്പിളിനെ സംഭാവന ചെയ്യാന്‍ കഴിയും എന്നാണ് എന്‍റെ അഭിപ്രായം. എന്താണ് നിങ്ങളുടെ അഭിപ്രായം?

അപ്ടേറ്റ്‌: കുട്ടി സാര്‍ക്ക്‌ നല്ലൊരു ശക്തിമരുന്നാണ്.(ഞാനും ബാലമംഗളം വായിച്ചിട്ടുണ്ട്)

 • zainu ZAIN

  നന്നായി..,   പറയണമെന്ന് മനസ്സിലുണ്ടായിരുന്ന കാര്യങ്ങള്‍ …
  തീര്‍ച്ചയായും ഒരു പോസറ്റീവ് ചര്‍ച്ച  ഇതു മായി ബന്ധപ്പെട്ടു നടക്കട്ടെ …

 • Ssss

  kollam nalla aasayam, orarthathil   ithokke  connected business alle ????

 • ബഷീർ വെള്ളറക്കാട്

  ഇത്തരം വായനകള്‍ കുട്ടികളുടേ മാനസിക വളര്‍ച്ചയില്‍ ,അവരുടേ സ്വഭാവത്തില്‍ സാരമായി സ്വാധീനം ചെലുത്തുക തന്നെ ചെയ്യും ..രക്ഷിതാക്കളും അധ്യാപകരും ഉണര്‍ന്ന് പ്രവൃത്തിക്കേണ്ടിയിരിക്കുന്നു. 

    
   ചര്‍ച്ചചെയ്യപ്പെടേണ്ടത് തന്നെ

 • Aneesh P A

  കുട്ടി സാര്‍ക്ക്‌ എന്നല്ലേ??

 • ഡിങ്കന്‍

  ബാലമംഗളം നിരോധിച്ചാല്‍ ഡിങ്കന്‍ എങ്ങനെ വായിക്കും…
  വെറുതെ ഡിങ്കോയിസ്റ്റ്‌കളെ തെരുവില്‍ ഇറക്കരുത്  

 • Prasadkp

   കുഞ്ഞിക്കിളിയുടെ പടം ലോഗോ ആയി ഉപയോഗിക്കുന്ന കോര്‍പ്രേറ്റ്‌ കമ്പനിക്ക്‌ ഇതില്‍ എന്തെങ്കിലും പങ്കുണ്ടോ? you mean twitter??? 😀

 • sha

  അങ്ങനെയാണങ്കില്‍ മണ്ടൂസ് വായിക്കുന്നവന്‍ എന്താകും…. 🙂

  • മറ്റൊരു ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്‍ ആയേക്കാം, സോ… പ്രോത്സാഹിപ്പിക്കണം

 • Anu

  ബെര്‍ളിക്കിട്ട് പണി കൊടുത്തതാണോ? ലാസ്റ്റ്‌ പാര(ഗ്രാഫ്) വായിച്ചപ്പോള്‍ അങ്ങനെ തോന്നി   😉

  • ഏയ്, അങ്ങനെ ഒന്നും ചിന്തിക്കാന്‍ തന്നെ പാടില്ല…… 😉

 • 🙂

 • കൊള്ളാം പക്ഷെ തമാശ വേണോ സീരിയസ്നെസ് വേണോ എന്നു കണ്‍ഫുഷന്‍ ആയ പോലെ

Back to top