“കൃഷ്ണനും രാധയും” ഓസ്ക്കാറിനയക്കേണ്ട ചിത്രം

നടപ്പ് രീതികളില്‍ സഞ്ചരിക്കുമ്പോള്‍ തന്നെ വളരെയേറെ വ്യത്യസ്തത പുലര്‍ത്തുന്ന ഒരു സിനിമിയാണ് “കൃഷ്ണനും രാധയും”. ആനുകാലികമായ ഒരു കഥ, വളരെ സാധാരണമായ നോണ്‍-ലീനിയര്‍ രീതിയില്‍ പറഞ്ഞു പോകുമ്പോഴും അതുയര്‍ത്തുന്ന ചോദ്യങ്ങള്‍, സാമൂഹിക വ്യവസ്ഥിതിക്ക് നേരെയുള്ള പച്ചയായ പരിഹാസം എന്നിവ കണ്ടില്ലെന്ന് നടിക്കാനാവില്ല. ഒരു സാധാരണ പ്രേക്ഷകന്‍റെ അഭിരുചികളെ തൃപ്തിപ്പെടുത്തുന്നതല്ലെങ്കിലും ടിസ്റ്റര്‍ബിംഗ് സിനിമകള്‍ ഇഷ്ട്ടപ്പെടുന്നവര്‍ക്ക് തീര്‍ച്ചയായും ഈ സിനിമ പുതിയൊരു അനുഭവമായിരിക്കും.

ഒരു സിനിമയുടെ ക്യാമറയൊഴിച്ച് മറ്റെല്ലാം ഒരാള്‍തന്നെ ചെയ്യുന്നത് (അങ്ങനെ ചിന്തിക്കുന്നത് തന്നെ) ലോക സിനിമാ ചരിത്രത്തില്‍ ആദ്യമായാണ്‌. ഒരേ സമയം ക്യാമറയ്ക്ക് മുന്നിലും പിന്നിലും എത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ സന്തോഷ്‌ സാര്‍ അത് കൂടി ചെയ്തേനെ. അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ സുജിത്ത് എന്ന നവാഗത ക്യാമറാമാന്‍ തിരിച്ചറിയപ്പെടാതെ പോയേനെ. പൂര്‍ണമായി പുതുമുഖങ്ങളെ മാത്രമുപയോഗിച്ച് വളരെ കുറഞ്ഞ ചിലവില്‍ എങ്ങനെ നല്ലൊരു സിനിമ എങ്ങനെ പ്രേക്ഷകന് മുന്നിലെതിക്കാം എന്ന് കാണിച്ച് തന്ന സന്തോഷ്‌ സാര്‍ തീര്‍ച്ചയായും കയ്യടിയര്‍ഹിക്കുന്നു.

ലവ്ജിഹാദ്‌ കാലത്തെ മിശ്രവിവാഹിതരുടെ അവസ്ഥയും അവര്‍ നേരിടുന്ന പ്രശ്നങ്ങളുമാണ് സിനിമയുടെ പ്രമേയം. വളരെ പുരോഗനമനവാദികളായി സ്വയം കരുതുന്ന മലയാളി വിവാഹക്കാര്യത്തില്‍ ജാതി-മത വ്യവസ്ഥകള്‍ക്ക് നല്‍കുന്ന അമിത പ്രധാന്യം ഇവിടെ വിമര്‍ശന വിധേയമാകുന്നു. കൃസ്ത്യാനിയായ ജോണ്‍ ഹിന്ദുവായ തന്‍റെ ഭാര്യയോടൊപ്പം വാടക വീട്ടില്‍ താമസിക്കുവാനായി കൃഷ്ണന്‍ എന്ന പേര് സ്വീകരിക്കേണ്ടി വരുന്നു. പ്രണയത്തിന്‍റേയും അന്യവല്‍ക്കരണത്തിന്‍റേയും ഇടയിലൂടെ കടന്നുപോകുന്ന കഥാപാത്രത്തിന്‍റെയുള്ളിലെ കഥാപാത്രത്തിന്‍റെ സൂഷ്മഭാവങ്ങള്‍ ഒരു തുടക്കക്കാരന്‍റേതായ യാതൊരു ഉളുപ്പുകളുമില്ലാതെയാണ് സന്തോഷ്‌ സാര്‍ അവതരിപ്പിക്കുന്നത്‌. എല്ലാ മതങ്ങളും പറയുന്നത് ഒന്നുതന്നെയാണെന്ന നിലാപടെടുക്കുമ്പോഴും സമൂഹത്തിന്‍റെ മുന്നില്‍ മറ്റൊരുവനായി മാറേണ്ടി വരുന്ന സാധാരണക്കാരന്റെ വിഹ്വലതകള്‍ ഉള്ളിലൊതുക്കി “എനിക്ക് എന്‍റെ മതം, നിനക്ക് നിന്റെ മതം” എന്ന നായകന്‍റെ ഡയലോഗ് മതാന്ധ കാലത്തെ കൈവെട്ടുകാര്‍ക്കുള്ള സൂചനതന്നെയാണ്.

മറ്റൊരു പ്രധാനപ്പെട്ട സംഗതി സാധാരണ മലയാള സിനിമകളില്‍ കാണുന്ന സ്ത്രീവിരുദ്ധത ഈ സിനിമയില്‍ കാണാന്‍ കഴിയില്ല എന്നതാണ്.  “കൃഷ്ണനും രാധയും” എന്ന സിനിമയില്‍ നാം കൂടുതലും കാണുന്നത് സ്ത്രീ കഥാപാത്രങ്ങളെയാണ്, പല അവസ്ഥയിലുള്ള സ്ത്രീ കഥാപാത്രങ്ങള്‍. പുരുഷനൊപ്പം സമത്വം മാത്രം  ആഗ്രഹിക്കുന്ന സ്ത്രീ പ്രേക്ഷകര്‍ക്ക്‌, അവര്‍ ആഗ്രഹിക്കുന്നതിനുമപ്പുറം പോയി സ്ത്രീകളെ ഉയര്‍ത്താന്‍ ശ്രെമിക്കുന്ന ഒരു നായകന്‍, അക്ഷരാര്‍ത്ഥത്തില്‍ തന്നെ സന്തോഷ്‌ സാര്‍ എടുത്തുയര്‍ത്തുന്നുണ്ട് സ്ത്രീകളെ, അവസരം കിട്ടുമ്പോഴെല്ലാം. ത്രിതല പഞ്ചായത്തുകളില്‍ ഇടതുപക്ഷ സര്‍ക്കാര്‍ 50% സ്ത്രീ സംവരണം നല്‍കിയതിന് ശേഷം സ്ത്രീശാക്തീകരണത്തിന് ഇത്ര വിപ്ലവകരമായ ഒരു സംഭാവന  ഇതുവരെ  ആരും നല്‍കിയിട്ടില്ല എന്നാണ് എന്‍റെ വിശ്വാസം. (അബൂബക്കറിന്‍റെ  റിവ്യൂ കൂടി വന്നാലേ രണ്ടും ഉറപ്പിച്ച് പറയാന്‍ കഴിയൂ)

പോരായ്മയായി എടുത്തു പറയാന്‍ അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല. വ്യാവസായീക സിനിമയില്‍ കാണപ്പെടുത്ത പൊരുത്തപ്പെടലുകള്‍ ഒന്നും തന്നെ നമുക്ക് കണ്ടെടുക്കാന്‍ കഴിയില്ലെങ്കിലും തന്നെ ഇങ്ങനെ കണ്ടുകൊണ്ടിരിക്കാന്‍ മാത്രം തീയറ്ററില്‍ എത്തുന്ന ഫാന്‍സിനെ തൃപ്തിപ്പെടുത്താനായി ഓരോ സീനിലും സന്തോഷ്‌ സാര്‍ കോട്ടുകള്‍ മാറിമാറിയിടുന്നുണ്ട്. . ലോക പ്രേക്ഷകരെ മാത്രം പ്രതീക്ഷിക്കുന്ന ഒരു അപ്പ്‌-മാര്‍ക്കറ്റ് ഫിലിം എന്നനിലയില്‍ സിറ്റികളില്‍ മാത്രം റിലീസ് ചെയ്യപ്പെട്ട ഈ സിനിമ കാണുവാനായി മറ്റിടങ്ങളില്‍ ഉള്ളവര്‍ കാത്തിരിക്കേണ്ടി വരുന്നത് മറ്റൊരു പോരായ്മയാണ്. എന്നാലും മൊത്തത്തില്‍ നല്ല ഒരു സിനിമ എന്ന് തന്നെ പറയാം. വൈഫ്‌ മരിച്ചു കിടക്കുമ്പോള്‍ കരണ്ട് ചാര്‍ജ് അടയ്ക്കാന്‍ പോകേണ്ടിവരുന്ന നായകന്‍റെ അവസ്ഥ പടം കണ്ടിറങ്ങിയാലും ഒരു അസ്വസ്ഥതയായി പ്രേക്ഷകനെ വേട്ടയാടും. തീര്‍ച്ചയായും പ്രേക്ഷകര്‍ക്ക്‌ അവരുടെതായ ഒരു ഇടവും ഇടപെടലിനുള്ള അവസരവും ഈ സിനിമ നല്‍കുന്നുണ്ട്, അതാണ് അതിന്‍റെ വിജയ രഹസ്യവും. ഇതിനോടകം തന്നെ ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടംപിടിച്ച ഈ ചിത്രത്തിലെ ഗാനങ്ങള്‍ തീയറ്ററിലും നല്ല പ്രതികരണമാണ് നേടുന്നത്.

സന്തോഷ്‌ സാര്‍ നേരിടുന്ന സോഷ്യല്‍ മീഡിയ ആക്ഷേപങ്ങളെ ക്കുറിച്ച്കൂടി എനിക്ക് ചിലത് പറയാനുണ്ട്. അദ്ദേഹം സൈക്കോളജി പഠിച്ചിട്ടുണ്ട്, അബ്നോര്‍മലാണ് എന്നൊക്കെയാണല്ലോ നിങ്ങളുടെ ആരോപണം. സൈക്കോളജി പഠിച്ച ആരാണ് നോര്‍മലായിട്ടുള്ളത്?. മനശ്ശാസ്ത്രഞ്ഞന്മാര്‍ മുതല്‍ സൈക്കോളജി പഠിച്ച പോലീസുകാരും എന്തിന് അധ്യാപകര്‍ പോലും പലപ്പോഴും അബ്നോര്‍മലാണ്. ഒരു നടന്‍ ഇംഗ്ലീഷോ സൈക്കോളജിയോ പഠിക്കുന്നതില്‍ നമ്മള്‍ എന്തിനാണ് ഇത്ര അസ്വസ്ഥരാകുന്നത്?, സന്തോഷ്‌ സാര്‍ സൈക്കോളജി മാത്രമല്ല പഠിച്ചിട്ടുള്ളത്. കേരളത്തിലെ ഒട്ടുമിക്ക യൂനിവേഴ്സിറ്റികളില്‍ നിന്നും ഒട്ടുമിക്ക ബിരുദവും അദ്ദേഹം എടുത്തു കഴിഞ്ഞു. കോമന്‍ സെന്‍സ്‌ ഒരു യൂനിവേഴ്സിറ്റിയിലെങ്കിലും സബ്ബായോ മെയിനായോ പടിപ്പിച്ചിരുന്നെങ്കില്‍ നമുക്ക് ഈ പ്രതിഭയെ നഷ്ട്ടമായേനെ.

നമ്മള്‍ ഇവിടെ മഹാ സംഭവമായി കൊണ്ടാടുന്ന സിനിമകള്‍ പലതും കേരളത്തിന്‌ പുറത്ത് പോകുമ്പോള്‍ തിരസ്കരിക്കപ്പെടുകയാണ് പതിവ്. എന്നാല്‍ നമ്മള്‍ മൈന്‍ഡ്‌ ചെയ്യാത്ത “റ്റി.ഡി.ദാസനും”, മൈന്‍ഡ് ചെയ്തെങ്കിലും തീയറ്ററില്‍ പോയി കാണാന്‍ കൂട്ടാക്കാതിരുന്ന “ആദാമിന്‍റെ മകന്‍ അബു” അവര്‍ക്ക് വല്യ കാര്യമാണ്. ഇതില്‍നിന്ന് നാം മനസിലാക്കേണ്ടത് നമ്മള്‍ സിനിമ എന്ന് വിളിക്കുന്ന സാധനവും അവര്‍ സിനിമ എന്ന് വിളിക്കുന്ന സാധനവും രണ്ടും രണ്ടാണെന്നാണ്‌. കഥകളി നാട്ടുകാര്‍ക്ക് മനസിലാവില്ല എന്ന പേരില്‍ കഥകളി വേഷത്തില്‍ വന്ന് ബ്രേക്ക്‌ ഡാന്‍സ്‌ കളിക്കുന്നത് പോലെ ഒരു ഇടപാടാണ് മലയാള/ഇന്ത്യന്‍ സിനിമകള്‍ എന്ന് എനിക്ക് പോലും തോന്നിയിട്ടുണ്ട്. അല്ലെങ്കില്‍ നമ്മള്‍ മാത്രമാണ് ബുദ്ധിമാന്മാര്‍, അവര്‍ക്കൊക്കെ കാര്യമായ എന്തോ തകരാറുണ്ട്.

നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും സന്തോഷ്‌ സാര്‍ ഒരു മനുഷ്യന്‍ തന്നെയാണ്. ഒരു കലാകാരനെന്ന നിലയില്‍ അദ്ദേഹം സമൂഹത്തോടുള്ള കടമ നിര്‍വഹിച്ചു കഴിഞ്ഞു. ഇനി നമ്മളുടെ അവസരമാണ്. ക്യാമറയൊഴികെ മറ്റെല്ലാം കൈകാര്യം ചെയ്തയാള്‍ എന്ന നിലയില്‍ സന്തോഷ്‌ സാര്‍ ആള്‍റെഡി ഗിന്നിസ്‌ ബുക്കിലെത്തിക്കഴിഞ്ഞു. ഇനി അദേഹത്തിലെ കലാകാരന് വേണ്ടത് നമ്മുടെ പിന്തുണയാണ്. ഒരു നല്ല കലാകാരന്‍ അര്‍ഹിക്കുന്നത് അങ്ങീകാരവും ബഹുമാനവുമാണ്, അന്ധമായ താരാരാധനയല്ല. സാമൂഹിക, സാംസ്കാരീക പ്രാധാന്യമുള്ള ഒരു സിനിമയെന്ന നിലയില്‍ ” കൃഷ്ണനും രാധയും” ഇന്ത്യയുടെ നോമിനിയായി ഓസ്കാര്‍ വേദിയിലെത്തേണ്ടത് ഈ കാലഘട്ടത്തിന്‍റെ ആവശ്യമാണ് എന്നാണ് എനിക്ക് പറയാനുള്ളത്‌. അഭിനയം, സംവിധാനം, സംഗീതം അങ്ങനെ എല്ലാ ഓസ്ക്കാര്‍ ശില്പ്പങ്ങളും കയ്യിലേന്തി നില്‍ക്കുന്ന സന്തോഷ്‌ സാര്‍, തൃപ്തനായ ഒരു പ്രേക്ഷകന് അങ്ങനെ ആഗ്രഹിച്ചുകൂടേ?

NB: കളര്‍ ടോണ്‍, ക്യാമറ ആങ്കിളുകള്‍ എന്നിവയെക്കുറിച്ച് ടോറെന്‍റ് റിലീസിന് ശേഷം വിശദമായി പഠിച്ച് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. അപ്പൊ ശെരി….

 • Sreekuttan

  വായിച്ചു ചിരിച്ചു ഞാന്‍ മരിച്ചു..ഭാര്യ മരിച്ചു കിടക്കുമ്പോള്‍ കറണ്ടുബില്ലടയ്ക്കാന്‍ പോകുന്ന നായകന്റെ ധര്‍മ്മസങ്കടം..ഹോ..ലോകത്താര്‍ക്കുമീ ഗതികേട് വരുത്തരുതേ എന്റെ ശവരിമലമുരുകാ…

  • നിവൃത്തികേടു കൊണ്ട് സിനിമാനടിയാവേണ്ടി വന്ന ഒര് സ്ത്രീയുടെ കഥ
   “മേക്ക്-അപ്പ്‌ മാന്‍” എന്ന സിനിമയില്‍ കണ്ടപ്പോഴും അത് ഇത്രയൊന്നും
   ആഴത്തില്‍ പ്രേക്ഷകനെ സ്പര്‍ശിച്ചിട്ടില്ല 🙂

 • “കോമന്‍ സെന്‍സ്‌ ഒരു യൂനിവേഴ്സിറ്റിയിലെങ്കിലും സബ്ബായോ മെയിനായോ
  പടിപ്പിച്ചിരുന്നെങ്കില്‍ നമുക്ക് ഈ പ്രതിഭയെ നഷ്ട്ടമായേനെ.”

  🙂

  • അല്ലെങ്കിലും ഒര് പൊതുബോധത്തോട് സന്ധിചെയ്തു ജീവിക്കുന്നവരൊന്നും ഒരിക്കലും മഹാന്മാരായിട്ടില്ല 😉

 • Pavan2you

  “കളര്‍ ടോണ്‍, ക്യാമറ ആങ്കിളുകള്‍ എന്നിവയെക്കുറിച്ച് ടോറെന്‍റ് റിലീസിന് ശേഷം വിശദമായി പഠിച്ച് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും”അപ്പൊ പടം കാണാതെയാണ് റിവ്യൂ എഴുതിയത്, അല്ലെ? 😛

 • Anu

  നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും സന്തോഷ്‌ സാര്‍ ഒരു മനുഷ്യന്‍ തന്നെയാണ്. 😀 : D

 • oru comment ittirunnu, athu delete cheyyan pattanjathinal edit cheythu ingane aakki…

 • “കോമന്‍ സെന്‍സ്‌ ഒരു യൂനിവേഴ്സിറ്റിയിലെങ്കിലും സബ്ബായോ മെയിനായോ പടിപ്പിച്ചിരുന്നെങ്കില്‍ നമുക്ക് ഈ പ്രതിഭയെ നഷ്ട്ടമായേനെ.”  ഹി ഹി…

  പതിനാല് മിനിറ്റ് നീളമുള്ള ട്രെയിലര്‍ വേറൊരു റെക്കോര്‍ഡ് അല്ലെ

  • “ജിത്തുഭായി” യുടെ ട്രെയിലര്‍ നമ്മള്‍ 15 മിനിട്ടാക്കി റെക്കോര്‍ഡ്‌
   ബ്രേക്ക്‌ ചെയ്യും, പിന്നെ “കാളിദാസന്‍” 16 മിനിറ്റ് ആക്കി വീണ്ടും
   ബ്രേക്ക്‌ ചെയ്യും. അവസാനം നാട്ടുകാര് സന്തോഷിന്‍റെ കയ്യും കാലും…..

   [ഞാനൊന്നും പറഞ്ഞില്ലേ……, പ്രേരണക്കുറ്റം, കോടതിയെ പേടിയുണ്ട്]

 • Hashim

  “പ്രേക്ഷകര്‍ക്ക്‌ അവരുടെതായ ഒരു ഇടവും ഇടപെടലിനുള്ള അവസരവും ഈ സിനിമ നല്‍കുന്നുണ്ട്, അതാണ് അതിന്‍റെ വിജയ രഹസ്യവും.”

  തന്നെ തന്നെ, മലയാള ഭാഷയ്ക്ക് ശെരിക്കും ക്ലാസിക്കല്‍ പദവിക്ക് അര്‍ഹത ഉണ്ട്. 🙂

  • ഒരു ഭാഷയുടെ ശക്തിയെന്താണെന്നറിയാന്‍ സന്തോഷും യു-റ്റ്യൂബും വേണ്ടിവന്നു..

 • എന്തായാലും ഇത് ഒരു ‘സംവിധായകന്‍റെ സിനിമ’ തന്നെയാണ്. [സംവിധായകന്‍ ഉദ്ദേശിച്ചതൊക്കെ സാധിച്ചിട്ടുണ്ട്]

 • Sharath

  നചീ….. സത്യം പറ……… ഇത് സത്യത്തില്‍ റിവ്യൂ എഴുതുന്ന റ്റീംസിനുള്ള താങ്ങല്ലേ?

Back to top