ലെറ്റര്‍ റ്റു എക്സ് Hot

ഡീ കോപ്പേ,

നിന്‍റെ ഓഫീസില്‍ നോര്‍ത്തിന്ത്യന്‍സ് ഉണ്ടാവും, അവരൊക്കെ ശത്രുക്കള്‍ക്ക് മെയില്‍ അയക്കുമ്പോള്‍പ്പോലും ഡിയര്‍ എന്നാണ് അഭിസംബോധന ചെയ്യാറ്. അത് കണ്ട് കണ്ട് നിനക്ക് ശീലമായിട്ടുണ്ടാവും എന്നറിയാം, അതുകൊണ്ടാണത് ഒഴിവാക്കിയത്. അല്ലെങ്കിലും ഇപ്പോള്‍ നിനക്ക് ഞാനും എനിക്ക് നീയും ഡിയര്‍ അല്ലല്ലോ.

ഇത്ര കാലങ്ങള്‍ക്ക് ശേഷം എന്തിനാണ് ഇങ്ങനെ ഒര് കത്ത് എന്ന് നിനക്ക് തോന്നുന്നുണ്ടാവും, ഇല്ലങ്കി തോന്നണം. വളച്ച് കെട്ടാതെ കാര്യം പറയാം, ഞാന്‍ വിവാഹിതനാവാന്‍ പോവുകയാണ്. നിന്നെക്കാളും എന്തുകൊണ്ടും മെച്ചപ്പെട്ട ഒര് പെണ്ണിനെത്തന്നെയാണ് എനിക്ക് കിട്ടിയിരിക്കുന്നത് (അങ്ങനെ ഒരാളെ കിട്ടുമോ എന്ന സംശയം ഉണ്ടായിരുന്നത് കൊണ്ടാണ് ഞാന്‍  ഇതുവരെ ജാഡ ഇറക്കാതിരുന്നത് 🙂 ). പോരാത്തതിന് ഒര് ലവ്മാര്യേജ് ട്രാക്കിലാക്കിയെടുക്കാന്‍ വേണ്ട യാതോരു ബുദ്ധിമുട്ടും വേണ്ടി വന്നില്ല എന്ന്മാത്രമല്ല കാര്യമായി വല്ലതും തടയുകയും ചെയ്യും. ഞാന്‍ ഒര് നല്ല പ്രോഗ്രാമര്‍ ആണെന്നതിന് നിനക്ക് സംശയം ഒന്നും ഉണ്ടാവില്ലല്ലോ, ഇന്‍ഹെറിറ്റന്‍സ് എപ്പോ ഉപയോഗിക്കണം, എങ്ങനെ ഉപയോഗിക്കണം എന്ന് എനിക്ക് നന്നായി അറിയാം.

പറഞ്ഞ് വന്നത് അതല്ല, കല്യാണത്തോട് അനുബന്ധിച്ച്, കല്യാണക്കുറി സ്ക്യാന്‍ ചെയ്ത് കോണ്ടാക്റ്റ്‌ ലിസ്റ്റിലുള്ള എല്ലാര്‍ക്കും മെയില്‍ അയയ്ക്കുക്ക, രണ്ടാള്‍ടേം പേരില്‍ ഒര് URL വാങ്ങി ഫ്ലാഷില്‍ ഒര് സൈറ്റ് ഉണ്ടാക്കി എല്ലാര്ക്കും ലിങ്ക് അയയ്ക്കുക തുടങ്ങിയ കലാപരിപാടികളൊക്കെ ചെയ്യാന്‍ എനിക്കും പ്ലാന്‍ ഉണ്ടെങ്കിലും നിനക്ക് കൂടി CC വയ്ക്കാന്‍ ചിലപ്പോള്‍ പറ്റിഎന്ന് വരില്ല. ഇതൊക്കെ നോക്കിയിരിക്കുന്ന വേറെ പണിയൊന്നുമില്ലാത്ത തെണ്ടികള്‍ ഉണ്ടെന്ന് നിനക്കും അറിയാമല്ലോ. എന്തിന് വെറുതേ പഴയ കഥകളൊക്കെ എല്ലാവരെയും ഒര്മിപ്പിക്കണം. അതുകൊണ്ട്  നിന്നെയൊന്ന് അറിയിക്കാന്‍ വേണ്ടിയാണ് ഈ കത്ത്. ഇതൊരു ക്ഷണക്കത്തായി നീ കരുതരുത്, എനിക്ക് നിന്നെ ഫേസ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ട്, പ്രത്യേകിച്ചും വിവാഹ ദിവസം. നീ വരില്ലെന്നറിയാം, എങ്കിലും…

സത്യം പറഞ്ഞാല്‍ ഒര് മിക്സഡ്‌ ഫീലിങ്ങോടെയാണ് ഞാനിതെഴുതുന്നത്. ഒരുപാട് എക്സിറ്റ്‌ ഇന്‍റ്ര്‍വ്യൂകളില്‍ വച്ച് പറഞ്ഞിട്ടുണ്ടെങ്കിലും ഈ ‘മിക്സഡ്‌ ഫീലിംഗ്’ എന്ന വാക്കിന്‍റെ അര്‍ഥം ഇപ്പോഴാണ് എനിക്ക് ശെരിക്കും മനസിലാവുന്നത്. നിന്നേ ഞാന്‍ പൊന്നേ, ഡാര്‍ലിംഗ് ന്നൊക്കെ ഒരുപാട് വിളിച്ചിട്ടുണ്ട്. നിന്‍റെ മുഖത്ത് നോക്കി അങ്ങനെയൊക്കെ വിളിക്കാന്‍  ‍ എങ്ങനെ കഴിഞ്ഞു എന്നോര്‍ത്ത് ഞാന്‍ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. അതല്ല രസം, എന്‍റെയീ മുഖഭാവം വച്ച് ഞാനിതൊക്കപ്പറയുന്നത് ഇപ്പൊ സങ്കല്‍പ്പിച്ച് നോക്കിയിട്ട് എനിക്ക് തന്നെ ചിരി വരുന്നു,  നീയിതൊക്കെ എങ്ങനെ സഹിച്ചു?. അതൊക്കെ ചില റിയാലിറ്റി ഷോയിലെ ജഡ്ജസ്സിന്‍റെ ശ്രിങ്കാരഭാവത്തെക്കാള്‍ അശ്ലലമായിരുന്നിരിക്കും. എന്നാലും നിന്നോടാണല്ലോ പറഞ്ഞത് എന്നോര്‍ക്കുമ്പോള്‍ ഒര് സമാധാനം.

ഒരുകണക്കില്‍ എനിക്ക് നിന്നോട് ഒരുപാട് നന്ദിയുണ്ട്. ഇന്നത്തെക്കാലത്തെ ഒരു ശരാശരി സ്ത്രീ എങ്ങനെയായിരിക്കും എന്ന് ഞാന്‍ പഠിച്ചത് നിന്നിലൂടെയാണ്.  നിസ്സാര കാര്യങ്ങള്‍ക്ക് നീ കലിപ്പ്  ഉണ്ടാക്കിയപ്പോഴൊക്കെ ഞാന്‍ കാര്യമറിയാതെ വണ്ടറടിച്ചു നിന്നിട്ടുണ്ട്, അതിന്‍റെ പിന്നിലെ നിന്‍റെ യഥാര്‍ത്ഥ ഉദ്ദേശങ്ങള്‍ എന്തായിരുന്നു എന്ന് തിരിച്ചരിഞ്ഞപ്പോഴും. ബിറ്റ്‌.ലി പോലെ ഒരു ഷോര്‍ട്ടനിംഗ് സര്‍വീസ്‌ ഇന്‍സ്റ്റാള്‍ ചെയ്താണോ ദൈവം ഓരോ പെണ്‍കുട്ടിയേയും ഭൂമിയിലേക്ക്‌ വിടുന്നത് എന്ന് ഞാന്‍ പലപ്പോഴും സംശയിച്ചിട്ടുണ്ട്. സ്ത്രീകള്‍ പറയുന്ന പരസ്പ്പരബന്ധമില്ലാത്ത ചെറിയ കാര്യങ്ങളില്‍ നിന്ന് യഥാര്‍ത്ഥത്തില്‍ അവരുദ്ധേഷിക്കുന്ന വലിയ കാര്യങ്ങളിലേക്ക് റീ-ടയരക്റ്റ്‌ ചെയ്യാനുള്ള കഴിവാണ് ഞങ്ങള്‍ ചെക്കന്മാര്‍ക്ക് വേണ്ടത്. അത് ഒരു വലിയ തിരിച്ചറിവായിരുന്നു.

കഷ്ടിച്ച് നൂറ് മീറ്റര്‍ പോലും ദൂരമുണ്ടായിരുന്നില്ല നിന്‍റെ ഹോസ്റ്റലും എന്‍റെ വീടും തമ്മില്‍. ഒരേ ഫ്ലോറില്‍ അടുത്തടുത്ത  ക്യുബിക്കിളിലായിരുന്നു നമ്മള്‍.  എന്നിട്ടും നമ്മള്‍ കൂടുതല്‍ സംസാരിച്ചത് ഫോണിലൂടെയാണ്. രാവേറെ നീണ്ട ആ സംസാരം കൊണ്ട് നമുക്ക് മാത്രമേ പ്രയോജനം കിട്ടാതെ പോയുള്ളൂ.  മൊബൈല്‍ കമ്പനികളും ക്രെഡിറ്റ്‌ കാര്‍ഡ്‌ കമ്പനികളും ഒരുപാട് നേട്ടമുണ്ടാക്കി. നമ്മളും നമ്മളെപ്പോലുള്ളവരും ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയ്ക്ക് ചെയ്ത സഹായം ചെറുതല്ല. ഇപ്പോള്‍ ഇന്ത്യയില്‍ STD കോളിന് പോലും അമ്പത് പൈസയേ ഉള്ളൂ മിനിട്ടിന്.ഒന്നോര്‍ക്കുമ്പോള്‍  നന്ദിയുണ്ട്, ഞാന്‍ പറഞ്ഞ പോട്ടത്തരങ്ങളും വിവരക്കേടുകളും ഒക്കെ കേട്ടിരുന്നതിന്.  കേള്‍ക്കാന്‍, പരിഗണിക്കാന്‍ ഒരാളുണ്ടായിരുന്നു എന്നത് എന്‍റെ ജീവിതത്തില്‍ അന്ന് ഒര് പ്രത്യേകത തന്നെയായിരുന്നു. ഉണ്ടക്കണ്ണീ, നീയിത് വല്ലതും അറിയുന്നുണ്ടായിരുന്നോ?

ഒരുമിച്ച് നാട്ടിലേക്കുള്ള ട്രെയിന്‍ യാത്രകള്‍, അതിന് വേണ്ടി IRCTC യില്‍ നിന്ന് ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുന്നത് മുതല്‍,  നിനക്ക് വീട്ടില്‍ കാണിക്കാന്‍ വേണ്ടി ടിക്കറ്റില്‍ നിന്ന് എന്‍റെ പേര് ഫോട്ടോഷോപ്പില്‍ കേറി മായ്ച്ച് ഫേക്ക് പ്രിന്‍റ് എടുത്ത് നിന്‍റെ കയ്യില്‍ കൊണ്ടന്ന് തരുന്നത്‍, സൗത്ത്‌ സ്റ്റേഷനില്‍ ബാഗ്‌ എടുത്ത് തന്ന് നിന്നേ യാത്രയയക്കുന്നത്‍,  തിരികെ യാത്രയില്‍ നീ സൗത്തില്‍ നിന്ന് കേറുമ്പോള്‍ ട്രെയിന്‍ മൂവ് ചെയ്യും വരെ നിന്‍റെ പാരെന്‍റ്സ് കാണാതെ പാന്‍ട്രിക്കാറില്‍ പഴംപൊരി കഴിച്ച് അട്ജെസ്റ്റ്‌ ചെയ്യുന്നത്, പിന്നെ ട്രെയിന്‍ മൂവ് ചെയ്ത് കഴിയുമ്പോള്‍ എന്‍റെ ക്ലാസ്സിക്‌ കള്ളച്ചിരിയുമായി തിരികെ വരുന്നത്, ഓട്ടോ പിടിച്ച് നിന്നേ ഹോസ്റ്റലില്‍ കൊണ്ടാക്കിയിട്ട് വെളുപ്പാങ്കാലത്ത് ഒറ്റയ്ക്ക് റൂമിലേക്ക്‌ നടന്ന് പോകുന്നത്, ഒക്കെ ഞാന്‍ എന്ജോയ്‌ ചെയ്തിരുന്നു. നിന്‍റെ ബഗ്ഗുകള്‍ ഫിക്സ് ചെയ്യാന്‍ വേണ്ടി ലേറ്റ് നൈറ്റില്‍   ഞാനും എന്‍റെ സിസ്റ്റവും കോഫീമെഷീനും മാത്രം വര്‍ക്ക്‌ ചെയ്യുന്ന ആ ഫ്ലോറില്‍ ഒറ്റയ്ക്ക് ഇരിക്കുമ്പോഴും അന്നെനിക്ക് ഏകാന്തത അനുഭവപ്പെട്ടിട്ടില്ല.  മറക്കാന്‍ ശ്രെമിക്കുന്തോരും കൂടുതല്‍ തീവ്രമായി ഓര്‍ക്കുകയാണ്, ഓരോന്നും.  എന്നാപ്പിന്നെ ഓര്‍ത്തേക്കാം, അങ്ങനെയെങ്കിലും മറക്കട്ടെ, അല്ല പിന്നെ, ഓര്‍മകളായാലും ഇത്തിരി മര്യാദ ഒക്കെ വേണ്ടേ?, എന്‍റെ കാര്യത്തില്‍ എല്ലാം തലതിരിവാണ്.  മുറ്റത്ത്‌ ഒര് ചക്കര മാവുണ്ടായിരുന്നെങ്കില്‍ ഈ ഓര്‍മകളെയൊക്കെ ഓടിക്കളിക്കുവാന്‍ അങ്ങോട്ട്‌ പറഞ്ഞ് വിടാരുന്നു, ശല്യങ്ങള്‍.

സത്യം പറഞ്ഞാല്‍, ഫ്ലോറില്‍ വച്ച് നീ കാണിക്കുന്ന അടുപ്പവും സ്വാതന്ത്ര്യവും ഒന്നും പുറത്ത് വച്ച് കാണിക്കാതിരുന്നതാണ്  ഞാന്‍ നിന്നില്‍ നിന്ന് അകലാനുള്ള പ്രധാന കാരണം. കേരളത്തിലെ സാമൂഹിക സാഹചര്യത്തില്‍ വളര്‍ന്ന ഒര് സ്ത്രീ എവിടെപ്പോയാലും അവര്‍ക്ക് സ്വാതന്ത്ര്യം കിട്ടുന്ന കാമ്പസിന് അകത്തും പുറത്തും രണ്ട് സ്വഭാവം, രണ്ട് വ്യക്തിത്വം തന്നെയായിരിക്കും എന്ന് ഞാന്‍ മനസിലാക്കേണ്ടതായിരുന്നു. നീയെന്നെ പൊട്ടന്‍ എന്ന് വിളിക്കുന്നതിന്‍റെ അര്‍ഥം ഇപ്പോള്‍ എനിക്ക് മനസിലാവുന്നുണ്ട്. ഇങ്ങനെ പേടിച്ചാല്‍ എങ്ങനെയാണ് മനുഷ്യന് ജീവിക്കാന്‍ കഴിയുക? സത്യത്തില്‍ ഈയൊരു കാര്യത്തിലാണ് എനിക്ക് ഫെമിനിസ്റ്റ്‌കളോട് ബഹുമാനം തോന്നിയിട്ടുള്ളത്.

സോറി, പറയാന്‍ ഉദ്ദേശിച്ചത് ഇതൊന്നുമല്ല, അത് പറയാനാണ് ശെരിക്കും ഞാനിതെഴുതുന്നത്. നീ പാസ്റ്റ് ലൈഫ്‌ മാനേജ്മെന്‍റ് എന്ന് കേട്ടിട്ടുണ്ടോ?. എന്ന് വച്ചാല്‍ ഇപ്പൊ എനിക്ക് നിന്നേ ക്കുറിച്ചും നിനക്ക് എന്നെക്കുറിച്ചും മറ്റുള്ളവര്‍ക്ക് അറിയാത്തത് പലതും അറിയാം.  ഇതൊക്കെ നമ്മള്‍ തന്നെ പുറത്തുവിട്ടാല്‍ നഷ്ടവും നാണക്കേടും നമുക്ക് തന്നെയാണ്. കുറ്റം പറഞ്ഞ് ചിരിക്കാന്‍ താല്പര്യമുള്ളവരുടെ പ്രേരണയുണ്ടാവും, അവര്‍ക്കത് തമാശയാണ്,   പെട്ട്പോവരുത്. അതൊക്കെ മനസിലാക്കാനുള്ള ബോധം നിനക്കുണ്ട് എന്നറിയാം. ഓര്‍മിപ്പിച്ചെന്നേ ഉള്ളൂ.  നിനക്കും എനിക്കും നല്ലത് വരട്ടെ എന്ന പ്രാര്‍ത്ഥനയോടെ ഞാന്‍ നിര്‍ത്തുന്നു (ബ്ലോഗ്‌ എഴുതുമ്പോള്‍ പോലും പ്രാര്‍ത്ഥനയോടെയാണ് ഞാന്‍ നിര്‍ത്താറുള്ളത്)

എന്ന്,
മറ്റൊരാളുടെ സ്വന്തമാക്കാന്‍ പോകുന്ന,
ബിനു.

NB: ബിനു ഒര് സാങ്കല്‍പ്പീക കഥാപാത്രമാണ്.. [സങ്കല്‍പ്പിക്കുന്ന ആള്‍ടെ പേര് ബിനു]
(സമര്‍പ്പണം: ഇതുവരെ കാണാത്ത ഒര് സുഹൃത്തിന് 😉 )

 • Nisha C

  പോടാ 

 • Cijo

  നിന്നെ സമ്മതിക്കണം 😉

  • സമ്മതിച്ചോളൂ, ഞാന്‍ വേണ്ടാ ന്ന് പറഞ്ഞില്ലല്ലോ 😉

 • Anu

  ഡാ, എന്താ നിന്‍റെ പ്രശ്നം? 😀

 • Russel Gopinathan

  യഥാര്‍ത്ഥ ജീവിതത്തിന്റെ പരിപ്രേക്ഷ്യം! മാത്രമല്ല ചിന്താസരണികളെ ഉണര്‍ത്താന്‍ പറ്റിയ അന്തര്‍ധാരയുമുണ്ടിതില്‍. പ്രതിലോമകരമായ പ്രണയപരാജയ ജീവിതം വരവച്ചിരിക്കുന്ന ഒരു 
  വിജൃംഭിച്ച പോസ്റ്റ്!! 
  #ഭൈ ദ ഭൈ…
  പരിപ്രേക്ഷ്യം, ചിന്താസരണി, അന്തര്‍ധാര, പ്രതിലോമകരം, വിജൃംഭിക്കുക തുടങ്ങിയ വാക്കുകളുടെ അര്‍ത്ഥമെന്താന്ന് വല്യ പിടിയില്ല. എന്നാലും ഒരു വെയിറ്റിന് അതുകൂടി കെടക്കട്ട്.. ഓക്കേ

  • തീര്‍ച്ചയായും കിടക്കട്ടെ, ഇപ്പൊ അന്യായ വെയിറ്റ് ആയി 😉

 • Lijupta

  കലക്കി മച്ചു സമ്മതിച്ചിരിക്കുന്നു ………………

 • ദിത് സ്വന്തം അനുഭവം തന്നേന്ന് ഉറപ്പിക്കാതിരിക്കാന്‍ ഞാന്‍ ഒന്നും കാണുന്നില്ല

  പക്ഷേ അവസാനം എല്ലാം ബിനൂന്റെ തലയയില്‍

  ബിനു നിങ്ങള്‍ വിചാരിക്കുന്നത്ര മണ്ടനല്ലെന്ന് ബിനു തന്നെ പറഞ്ഞതോര്‍മ്മയുണ്ടല്ലോ…….

  • ടെസ്പ്പ് അടിക്കാത്ത ഒരു പൂര്‍വ കാമുകനെ (സാങ്കല്പ്പീകം) വേണാര്‍ന്ന്, ബിനു അല്ലാതെ ആരേം ഓര്‍മ്മ വന്നില്ല 😉

 • ഏതാ ആ സുഹൃത്ത്……

  • ബ്ലോഗ്‌ മുതല്‍ ബാങ്ക് വരെയുള്ള അക്കൌണ്ട്കളുടെ പാസ്‌വേര്‍ഡ്‌ മാറ്റാന്‍ എനിക്കിത്തിരി സാവകാശം വേണം, പിന്നെപ്പറയാം 😉

 • Prasad

  bitly ഉപമ ഇഷ്ടപ്പെട്ടു. കറക്ട്ടാ

 • Sanu

  യ്യോ കിടു, അളിയാ കലക്കി 

 • anonymous

  സ്നേഹം ഉണ്ട് പക്ഷെ എവിടെയോ എന്തിനോ വേണ്ടി ഒളിപിചിരികുന്നു ഒരു പക്ഷെ ആ സ്നേഹത്തെ മര്കാന്‍ കഴിയാത്ത കാരണം കൊണ്ടാവും ഇങ്ങനെ ഒന്ന് ഉത്ഭവം കൊണ്ടത്‌ 
  പറയാന്‍ വന്നതോ എന്തോ പറഞ്ഞു പോയതും എന്തോ.
  മരിക്കും വരെ ഒര്തിരികാന്‍ കുറച്ചു നല്ല ഒര്മഗല്‍ ബിനുവിനു ഉണ്ടാവും നിശ്ചയം 

 • സംഗതി കൊള്ളാല്ലോ! ഒരു പ്രിന്റ്‌ എടുത്തു വെച്ചേക്കാം 🙂

 • പലപ്പോഴും സംശയം തോന്നിയിരുന്നു ഒരു നഷ്ട്ടപ്രനയത്ത്തിന്റെ ഓര്‍മ്മ നിന്റെ ഉള്ളിലുന്ടെന്നു ഇപ്പോളത് പാവം ബിനുന്റെ പിടലിക്ക് വച്ച് അല്ലെ ..എന്തായാലും സംഗതി കലക്കീട

Back to top