അന്യഗ്രഹജീവികള്‍ക്ക് ഒരു തുറന്ന കത്ത്

പ്രീയപ്പെട്ട എലിയന്‍(സ്)‌,

നിങ്ങളാരെങ്കിലും ഈ ബ്ലോഗ്‌ വായിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല (ഭൂമിയിലെ സ്റ്റാറ്റിസ്റ്റിക്സ് മാത്രേ ഗൂഗിള്‍ എനിക്ക് തരുന്നുള്ളൂ, ദുഷ്ടന്മാര്‍). അഥവാ വായിക്കുന്നുണ്ടെങ്കില്‍, മലയാളം ബ്ലോഗേഴ്സിനെ പോലെ മൈന്‍ഡ്‌ ചെയ്യാതെ പോവരുത്. വളരെ ആകാംഷയോടെയാണ് നിങ്ങള്‍ക്ക്‌ ഞാനീ കത്ത് എഴുതുന്നത്‌, മറപടി അയക്കണം, പ്ലീസ്‌..

എനിക്ക് നിങ്ങളെക്കുറിച്ച് ഒരുപാടൊക്കെ അറിയണമെന്നുണ്ട്. സത്യത്തില്‍ നിങ്ങള്‍ ഉണ്ടോ?. ഇല്ല എന്ന് പറഞ്ഞ് എന്നെ പറ്റിക്കാന്‍ നോക്കണ്ട. തൊട്ടടുത്ത്‌ ഒരു അപകടം നടന്നാല്‍ പോലും അറിയാത്ത ഞങ്ങള്‍ ടെക്കികള്‍ വരെ അറിയണമെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ ഉണ്ടാവും. എന്നാപ്പിന്നെ അതങ്ങ് സമ്മതിച്ചൂടെ?. റോഡില്‍ അലഞ്ഞ്തിരിഞ്ഞ് നടക്കുന്ന ചാവാലിപ്പട്ടി കൂട്ടില്‍ കിടക്കുന്ന പോമറേനിയനെ നോക്കി വെള്ളമിറക്കി കുറച്ച് നേരം നിന്നിട്ട് തിരിച്ച് പോകുമ്പോലെ എന്തിനാണ് ഇടയ്ക്കിടെ ഇങ്ങോട്ടുള്ള വരവും പോക്കും?

ആദ്യം കരുതിയത്‌ നിങ്ങള്‍ ഡീസന്‍റ് പാര്‍ട്ടികളാണ് എന്നാണ്. എന്നാലും മൊത്തത്തിലുള്ള ആ കള്ളത്തരം മനസിലാവുന്നുണ്ട്. എന്തൊക്കെയാണ് നിങ്ങളെക്കുറിച്ച് ഞാനീ കേള്‍ക്കുന്നത്?. ഇവിടെ വന്ന് ലേസര്‍ അടിച്ച് ആളെ പേടിപ്പിക്കുക, കറണ്ട് കളയുക, ആറ്റംബോംബ്‌ ഫ്യൂസാക്കുക, സാറ്റലൈറ്റ് പിടിച്ചെടുക്കുക…. നിങ്ങള്‍ക്കൊന്നും വേറെ പണിയില്ലേ?.

നിങ്ങളിവിടെ വരുന്നതൊക്കെ ഞാന്‍ അറിയുന്നുണ്ട്. വന്ന് ആകാശത്ത് തന്നെ പാത്ത് നിന്നിട്ട് അങ്ങ് പോകും ല്ലേ?. അവിടെ നിന്നാല്‍ ഇവിടെ നടക്കുന്നതൊക്കെ കാണാവോ?. എന്തൊക്കെ കണ്ടിട്ടുണ്ട്?. അപ്പൊ ഒളിഞ്ഞ് നോട്ടമാണ് വീക്ക്നസ്സ്. നിങ്ങള്‍ക്ക്‌ പറ്റിയ കമ്പനി ഭൂമീലുണ്ട്-മലയാളികള്‍. എനിക്ക് മനസിലാവാത്തതതല്ല, പ്രകാശവര്‍ഷങ്ങള്‍ താണ്ടി ഇവിടെയെത്തുന്ന നിങ്ങള്‍ എന്തിനാണ് ആകാശത്ത് തന്നെ പാര്‍ക്ക്‌ ചെയ്യുന്നത്?. സാറ്റലൈറ്റ്സിനോക്കെ താഴെയെത്തുമ്പോള്‍ ഞങ്ങളുടെ ചാനലുകളൊക്കെ കണ്ട് മതിയായിട്ടാണോ?. നികേഷ്‌ ശെരിക്കും പാവമാണ് ട്ടോ. അതോ കൂട്ടത്തില്‍ ചുള്ളത്തിമാരൊക്കെയുള്ളത് കൊണ്ട് മോറല്‍ പോലീസിനെ പേടിച്ചിട്ടാണോ?

അല്ല, ഒന്ന് ചോദിച്ചോട്ടെ?, നിങ്ങള്‍ക്കെന്തിനാണ് ഞങ്ങളുടെ ആറ്റംബോംബും സാറ്റലൈറ്റും ഒക്കെ?, അതിനേക്കാളൊക്കെ കിടിലം സാധനങ്ങള്‍ നിങ്ങളുടെ കയ്യിലില്ലേ?, ആറ്റംബോംബ്‌ പൊട്ടിയാല്‍ നിങ്ങള്‍ക്കും പണികിട്ടും എന്നത് മനസിലാക്കാം. ഈ സാറ്റലൈറ്റൊക്കെ പിടിച്ചെടുത്ത് റീ-പ്രോഗ്രാം ചെയ്യുന്നത് എന്തിനാ?(ഏത് ന്നാ?, വോയേജര്‍-2). അത് പറഞ്ഞപ്പോഴാ ഓര്‍ത്തത്‌, അവിടെ പ്രോഗ്രാമര്‍ക്ക് വേക്കന്‍സിയുണ്ടോ?, എനിക്കീ സാറ്റലൈറ്റൊന്നും ഒരു വിഷയമല്ല. നിങ്ങള്‍ക്ക്‌ ആര്‍ക്കെങ്കിലും എന്നെ ഒന്ന് റഫര്‍ ചെയ്യാമോ?, റെസ്യൂമേ ഞാന്‍ എങ്ങനെയാ അയക്കേണ്ടത്?, നിങ്ങക്ക് ഈ ഇ-മെയില്‍ എന്ന സംഭവം ഉണ്ടോ?. എന്നാല്‍ ഞാന്‍ എന്‍റെ സി.വി. ജി-മെയിലില്‍ നിന്ന് ഫോര്‍വേഡ് ചെയ്യാം (ഗൂഗിള്‍ അതില്‍ പരസ്യം കുത്തിക്കേറ്റും, കാര്യാക്കണ്ട).

പിന്നെ എന്താണ് ചൈനയുടെ മേളില്‍ കിടന്നൊരു കറക്കം?, അവിടെ വല്ല ചുള്ളത്തിമാരേം കണ്ട് വച്ചിട്ടുണ്ടോ?, അങ്ങനെ വല്ലതും ഉണ്ടെങ്കില്‍ ഞങ്ങളൊക്കെ ചുമ്മാ കേറി അവള്മാരുടെ ആങ്ങളമാരായിക്കളയും. ഞങ്ങള്‍ക്ക് കിട്ടാത്തത് ആര്‍ക്കും കിട്ടണ്ട എന്നതാണ് ഞങ്ങളുടെ ഒരു ലൈന്‍. അതോ ചൈനക്കാര്‍ നിങ്ങള്‍ക്ക് ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കി ഞങ്ങളെ പറ്റിക്കുകയാണോ?

പിന്നെ നിങ്ങളുടെ ഈ ചുറ്റിക്കളികളൊക്കെ ഓസ്ട്രലിയക്കാര്‍ കണ്ടുപിടിച്ചൂന്നോ, ഫയല്‍ ചെയ്തൂ ന്നോ, നിങ്ങള്‍ വന്ന് ആ രേഖകള്‍ കട്ടെടുത്തൂന്നോ ഒക്കെ കേട്ടല്ലോ, ശെരിയാണോ?. ആകാശത്ത് നിന്ന് ആറ്റംബോംബിന്‍റെ പച്ചവയര്‍ മുറിക്കുന്ന (അങ്ങനെയല്ലേ നിര്‍വീര്യമാക്കുന്നത്?, സിനിമയിലൊക്കെ അങ്ങനാ കണ്ടിട്ടുള്ളത്) നിങ്ങള്‍ക്ക്‌ അതൊന്നും ഒരു വല്യ കാര്യമല്ല എന്നറിയാം. എന്നാലും എങ്ങനെയാ ദൂരെ നിന്ന് കട്ടെടുക്കുന്നത്? എന്നേക്കൂടി ഒന്ന് പഠിപ്പിക്കുവോ?. ഇവിടിപ്പോ നിധീം യുറേനിയവും ഒക്കെ കണ്ടെടുക്കുന്ന സീസണാണ്. അല്ലാതെ വലിയ അതിമോഹം ഒന്നും ഉണ്ടായിട്ടല്ല, തെറ്റിദ്ധരിക്കരുത്.

എന്തായാലും നിങ്ങള് ആള് പുലികളാണ്, നിങ്ങളെ എനിക്കങ്ങ് ഇഷ്ടപ്പെട്ടു, നമുക്ക് ഫ്രണ്ട്സായാലോ?. ഇന്നലെ ഇവിടെ ഫ്രണ്ട്ഷിപ്‌ ഡേ ആയിരുന്നു, അപ്പൊ മുതല്‍ ഞാനാലോചിക്കുന്നതാ. നമുക്ക് ചുമ്മാ കള്‍സൊക്കെ അടിച്ച് ജോളിയാക്കാം. ഇങ്ങോട്ട് വരണ്ട, ഇവിടെ അത്ര നല്ല സ്ഥലമല്ല. ഒരു പറക്കുംതളിക അയച്ചാല്‍ മതി, ഞാനതില്‍ കേറി അങ്ങ് വന്നോളാം. അവിടെ എങ്ങനെയാ ബാറും മറ്റ് നേരമ്പോക്കുകളും ഒക്കെയുണ്ടോ?. നിങ്ങളുടെ ഇന്‍റെര്‍ഗ്യാലക്സി  ഫ്ലൈറ്റില്‍ ചുള്ളത്തി സ്പേസ്ഹോസ്റ്റസ്മാരൊക്കെ ഉണ്ടാവില്ലേ?. പൂച്ചയുടെ ശബ്ദത്തിലാണോ അവരും സംസാരിക്കുന്നത്?. പൂച്ചയുടെ ശബ്ദമുള്ള കുട്ട്യോളെ അല്ലേലും എനിക്ക് വല്യ ഇഷ്ടാ (ആരേം ഉദ്ദേശിച്ച് പറഞ്ഞതല്ല). അതൊക്കെ പ്പോട്ടെ, ഫ്ലൈറ്റില്‍ വല്ലോം കുടിക്കാന്‍ കിട്ട്വോ?

ഭൂമിയില്‍ നിന്നൊരാളെ, അതും എന്നേപ്പോലെ തങ്കപ്പെട്ട ഒരു മലയാളിയെ സുഹൃത്തായി കിട്ടുക ന്ന് വച്ചാ നിങ്ങളുടെ ഭാഗ്യമാണ്. അറിയാമല്ലോ,ഇങ്ങനെ ഒരു  ഓപ്പര്‍ച്യൂണിറ്റി എപ്പോഴും കിട്ടിയെന്നു വരില്ല. അത്കൊണ്ട് എത്രയും പെട്ടെന്ന് എനിക്ക് വേണ്ടി ഒരു വിസിറ്റ് വിസ ഒപ്പിച്ച് പറക്കുംതളിക ഇങ്ങോട്ട് അയക്കുക, വരുമ്പോ ഞാനെന്‍റെ റെസ്യൂമേം കൊണ്ടുവരാം.

എന്ന്,
പ്രതീക്ഷകളോടെ,
നചികേതസ്സ്.

NB: പിന്നെ, നിങ്ങളെങ്കിലും ഈ ബ്ലോഗില്‍ കമന്‍റ് , ഫാന്‍ പേജ് ലൈക്ക്, ട്വിറ്റര്‍-ബസ്സ്‌  ഫോളോ, സോഷ്യല്‍ ഷെയറിംഗ്…. ഒക്കെ ചെയ്യണേ ട്ടോ, ഭൂമിയിലുള്ളവരെപ്പോലെ വന്ന് വായിച്ചിട്ട് മിണ്ടാതെ പോവരുത്.. (കഴിഞ്ഞ ഒരു മാസം കൊണ്ട് ഭൂമിയില്‍ നിന്ന് മാത്രം 6634 യുനീക്ക്‌ വിസിറ്റേഴ്സ് (10859 പേജ് വ്യൂസ്) വന്ന് പോയ ബ്ലോഗാണിത്, അത് വല്ലതും ഇവിടെ കാണാനുണ്ടോ?, പാവം ഞാന്‍………..).

 • kollam manoharam..

 • Nisha C

   പൂച്ചയുടെ ശബ്ദമുള്ള കുട്ട്യോളെ വല്യ ഇഷ്ടാ???

 • Harimukunthan

  good blog, keep writing 🙂

 • Binumon

  kidilam

 • സുനില്‍

  അതിമോഹം ഒട്ടും ഇല്ലെന്ന് മനസിലായി 🙂

  • ഹോ, ഒരാള്‍ക്കെങ്കിലും അത് മനസിലായല്ലോ, സന്തോഷായി 

 • Cijo

  dollar ee pokku poyal valla anya grahathilum poyi joli cheyyendi varum..

 • Aiswarya

  കമന്‍റ് , ഫാന്‍ പേജ് ലൈക്ക്, ട്വിറ്റര്‍-ബസ്സ്‌  ഫോളോ, സോഷ്യല്‍ ഷെയറിംഗ്…. ഒക്കെ ചെയ്യണേ ട്ടോ, oru paypal donate button koodi vekku, 10$ tharaam 🙂

  • അതേ, എല്ലാ മാസോം $10 വച്ച് തരുവോ?, എങ്കില്‍ “ഐശ്വര്യ ഈ ബ്ലോഗിന്‍റെ ഐശ്വര്യം” ന്ന് ബാനറിടാം 😛

 • mubashir tp

  >>എന്തായാലും നിങ്ങള് ആള് പുലികളാണ്, നിങ്ങളെ എനിക്കങ്ങ് ഇഷ്ടപ്പെട്ടു, നമുക്ക് ഫ്രണ്ട്സായാലോ?. ഇന്നലെ ഇവിടെ ഫ്രണ്ട്ഷിപ്‌ ഡേ ആയിരുന്നു, അപ്പൊ മുതല്‍ ഞാനാലോചിക്കുന്നതാ. നമുക്ക് ചുമ്മാ കള്‍സൊക്കെ അടിച്ച് ജോളിയാക്കാം. ഇങ്ങോട്ട് വരണ്ട, ഇവിടെ അത്ര നല്ല സ്ഥലമല്ല. ഒരു പറക്കുംതളിക അയച്ചാല്‍ മതി, ഞാനതില്‍ കേറി അങ്ങ് വന്നോളാം. അവിടെ എങ്ങനെയാ ബാറും മറ്റ് നേരമ്പോക്കുകളും ഒക്കെയുണ്ടോ?<<

  എവിടെ ചെന്നാലും ഇത് തന്നെ പണി . ലേ ..ബല്ലാത്തൊരു പോസ്റ്റ്‌.

 • Hashim

  >>ഭൂമിയില്‍ നിന്നൊരാളെ, അതും എന്നേപ്പോലെ തങ്കപ്പെട്ട ഒരു മലയാളിയെ സുഹൃത്തായി കിട്ടുക ന്ന് വച്ചാ നിങ്ങളുടെ ഭാഗ്യമാണ്.<<<thanne thanne 😀

 • എന്തൊക്കെയാണ് നിങ്ങളെക്കുറിച്ച് ഞാനീ കേള്‍ക്കുന്നത്?. ഇവിടെ വന്ന് ലേസര്‍
  അടിച്ച് ആളെ പേടിപ്പിക്കുക, കറണ്ട് കളയുക, ആറ്റംബോംബ്‌ ഫ്യൂസാക്കുക,
  സാറ്റലൈറ്റ് പിടിച്ചെടുക്കുക…. നിങ്ങള്‍ക്കൊന്നും വേറെ പണിയില്ലേ?.

  അത് കലക്കി….അടിപ്പൻ പോസ്റ്റ് ട്ടാ….

  ഭഗവാനേ…ഇംഗ്ലീഷ് അറിഞ്ഞിരുന്നേൽ ഈ പോസ്റ്റ് അടിച്ച് മാറ്റി ട്രാൻസലേറ്റി വല്ല ഹോളിവുഡനും,ന്യൂ യോർക്ക് ടൈംസിനും ഗാഡിയനും ഒക്കെ അയച്ച്  കൊടുത്ത് കൊറച്ച് പ്രശസ്തി അടിച്ചേനെ….

  എന്ത് പറഞ്ഞിട്ടെന്ത്…നമുക്കതിന് യോഗമില്ല്യാണ്ടായീന്നങ്ങ്ട് നിരീക്യ….

  • സൗത്ത്‌ഇന്ത്യയില്‍ “ഇംഗ്ലീഷ് അറിയാവുന്ന” ഒരു ബ്ലോഗ്ഗര്‍ ഇല്ലാത്തത് കഷ്ടായിപ്പോയി…ല്ലേ?

 • Anu

  ഞങ്ങള്‍ക്ക് കിട്ടാത്തത് ആര്‍ക്കും കിട്ടണ്ട എന്നതാണ് ഞങ്ങളുടെ ഒരു ലൈന്‍.athu sathyam 🙂

 • Lekhavijay

  :).. അന്യഗ്രഹ ജീവിയല്ല കേട്ടോ..

  • സംശയമൊന്നും തോന്നീല്ലല്ലോ എന്ന ചോദ്യം പോലെ തോന്നുന്നു 😉

 • siyaf abdulkhadir

  buhhaaaaaaaaaaaaaha ,ithentharu ,malayaalm appee ,njangade appante faasha aanallo 

  • അന്യഗ്രഹജീവിയാണല്ലേ? 🙂 , നിങ്ങളുടെ പൂര്‍വികര്‍ മലയാളം ആണോ സംസാരിച്ചിരുന്നത്? 😉

 • Gowri Parvathy

  അസ്സലായിട്ടുണ്ടേ…എന്താ എഴുത്തിന്റെ ഒരു ശൈലി…എന്താ ശൈലീടെ ഒരു രീതി…

 • really,  its a good one. keep it up.. 

Back to top