റെസ്യൂമേ ഉണ്ടാക്കുന്ന വിധം Hot

ഹരിശ്ചന്ദ്രന്‍  ജീവിതത്തില്‍  ഒരു  റെസ്യൂമേ  ഉണ്ടാക്കീട്ടുണ്ടാവില്ല,  ഉണ്ടായിരുന്നെങ്കില്‍  ആള്  ഹരിശ്ചന്ദ്രന്‍  ആവുമായിരുന്നില്ല.  ജോലി  കിട്ടാനായി  വളരെ  സീരിയസ്സായിട്ട്  റെസ്യൂമേയില്‍  എഴുതിക്കൂട്ടിയ  കള്ളങ്ങളും  പിന്നെ  അതിന്‍റെ  പുറത്ത് ഇന്റര്‍വ്യൂന്  പറഞ്ഞ്  കൂട്ടിയ  കള്ളങ്ങളും  ജോലി   കിട്ടി   സ്വസ്ഥമായി   ഇരിക്കുമ്പോള്‍  ഓര്‍ത്തു ചിരിക്കാനുള്ള  മുതലുകലാണ്.  അപ്പോഴാണ്‌  കരിക്കുലംവിറ്റേ  വെറും  വിറ്റായി മാറുന്നത്.

സത്യത്തില്‍ റെസ്യൂമേ ഉണ്ടാക്കുന്നതല്ല, ആവശ്യം വരുമ്പോള്‍  ഉണ്ടാക്കിപ്പോവുന്നതാണ്.  പലപ്പോഴും  ഏതേലും   സുഹൃത്തിന്‍റെ കയ്യില്‍  നിന്ന്  ആളുടെ   റെസ്യൂമേ  വാങ്ങി   പേരും  നാളും  മാറ്റി   നമ്മുടേതാക്കുക  എന്നതാണ്  നമ്മള്‍  ചെയ്യാറുള്ളതെങ്കിലും   ഇത്തിരി  സമയവും   കുരുട്ടുബുദ്ധിയും   ചെലവഴിച്ചാല്‍   നമുക്ക്  നല്ലൊരു  റെസ്യൂമേ  ഉണ്ടാക്കിയെടുക്കാം.  ഇത്തിരി പണിയുള്ള കാര്യാണ്,  മെനക്കെടേണ്ടി വരും.

ആദ്യമായി  ചെയ്യേണ്ടത് നിലവിലുള്ള  ഹോട്ട്  സ്കില്ലുകള്‍  ഏതൊക്കെയാണെന്ന്  കണ്ടുപിടിക്കുകയാണ്.  അറിയാവുന്ന  HR മാര്‍, ഫീല്‍ഡില്‍  വിവരമുള്ള  പിള്ളേര്‍ എന്നിവരോട്  ചോദിച്ച്   അതൊക്കെ   മനസിലാക്കി   എടുക്കാവുന്നതാണ്.  ഇനി  ഇതൊക്കെ  എനിക്കറിയില്ലല്ലോ  എന്നോര്‍ത്ത്  ടെന്‍ഷന്‍  അടിക്കരുത്.  Wikipedia യും Stack Overflow യും ഉള്ളിടത്തോളം  കാലം നമുക്ക് അതൊക്കെ അറിയാം, നമ്മള്‍  അറിഞ്ഞിരിക്കും. ധൈര്യമായി  ഒക്കെ  എഴുതി  വയ്ക്കുക.

ബേസിക്കലി  നമ്മളൊക്കെ  മലയാളികളാണ്,  അതാണ്‌  നമ്മുടെ  പ്ലസും  മൈനസും.  ഏതുകാര്യത്തിലായാലും  നമ്മള്‍  എന്ത്  ചെയ്യുന്നു  എന്ന്  വല്യ  ബോധം  ഒന്നും   ഇല്ലെങ്കിലും   ബാക്കി  ഉള്ളവര്‍   എന്ത്  ചെയ്യുന്നു  എന്ന്  നമ്മള്‍  കൃത്യമായി  നോട്ട്  ചെയ്യാറുണ്ട്.  ഈ  സ്കില്‍  പോസിറ്റവായി  ഉപയോഗിക്കാന്‍  കഴിയുന്ന  സ്ഥലമാണ്  റെസ്യൂമേ. നമ്മുടെ  റ്റീമില്‍  ആരൊക്കെ  എന്തൊക്കെ  ചെയ്തിട്ടുണ്ടോ  അതൊക്കെ  നമ്മള്‍  ചെയ്തതായിരിക്കും  റെസ്യൂമേയില്‍. എന്ന്വച്ച് സീയീയോ മുതല്‍ ഓഫീസ് ബോയ്‌ വരെ ചെയ്യുന്ന കാര്യങ്ങള്‍  എഴുതിവയ്ക്കരുത്,  ഒരു  മയത്തിലൊക്കെ വേണം.

ജീവിതത്തില്‍  കടുത്ത  വാക്കുകള്‍  ഉപയോഗിക്കുന്നത്  കൊണ്ട്  എന്തെങ്കിലും  പ്രയോജനമുള്ള  സ്ഥലമാണ്  റെസ്യൂമേ. കണ്ടാല്‍ ഇവന്‍/ഇവള്‍  ആംഗലേയ  ഭാഷയില്‍  അഗ്രഗണ്യനാണ്ന്ന്  തോന്നിപ്പിക്കണം.  എങ്കിലും  അധികം ക്ലീഷേകള്‍  ഉപയോഗിക്കാതിരിക്കുക,  എല്ലാവരും  തന്നെ  ഹാര്‍ഡ് വര്‍ക്കിങ്ങും  ഭാസ്റ്റ്  ലേണേഴ്സും  ഒക്കെ  ആയിരിക്കും റെസ്യൂമേലെങ്കിലും. കൊള്ളാവുന്ന  തീം  വല്ലതുമാണ്  ഉപയോഗിക്കുന്നതെങ്കില്‍  എല്ലാ  പേജിലും  അതേ  തീം  തന്നെ  വരാന്‍  ശ്രദ്ധിക്കണം.  ആദ്യം റെസ്യൂമേ എത്തുക HR ന്‍റെ കയ്യിലായിരിക്കും.  മിനിമം  വേഡ് മര്യാദയ്ക്ക്  ഉപയോഗിക്കാന്‍  അറിയാത്ത ആള്‍  എങ്ങനെ വൃത്തിയായി  കോഡ്  എഴുതും  ‍എന്ന് അവര് ചിന്തിച്ചാ  തെറ്റ്  പറയാന്‍  പറ്റില്ല.  (HR അങ്ങനെയൊക്കെ  ചിന്തിക്കും; അല്ലെങ്കില്‍  അങ്ങനെയൊക്കെ ചിന്തിക്കുന്നവരാണ് HR ആവുക )

കഴിവതും നിങ്ങളുടെ പ്രസന്‍റ് അഡ്രസ്സും ഫോണ്‍ നമ്പരും ഒക്കെ ഹെഡ്ഡറില്‍ തന്നെ കൊടുക്കുക (കണ്‍സല്‍ട്ടന്‍സികള്‍ക്ക്  മാറ്റി  അവരുടെ  ലോഗോ  വയ്ക്കാനുള്ള സൌകര്യത്തിനാണത്). പെര്‍മെനന്‍റ്  അഡ്രസ്‌ വേറെ ആണെങ്കില്‍ മാത്രം  താഴെ എവിടയെങ്കിലും എഴുതിയേക്കുക. ഒന്നും തന്നെ റിപ്പീറ്റ് ചെയ്യാതിരിക്കാന്‍ ശ്രെദ്ധിക്കണം പിന്നെ  ഒരു  കാര്യം,  ഏതു  ഓര്‍ഗനൈസേഷനും  ജോലി  തരുന്നത്  നിങ്ങള്‍ക്കാണ്,  നിങ്ങളുടെ   മാതാപിതാക്കള്‍ക്ക്   അവിടെ   റോള്‍  ഒന്നുമില്ല.  അതുകൊണ്ട്  അച്ഛന്‍റേം  അമ്മേടേം  പേരും   നാളും  ഒന്നും  റെസ്യൂമേല്  വെക്കേണ്ട  കാര്യമില്ല.  ജോയിന്‍  ചെയ്യുമ്പോള്‍  പിഎഫിന്‍റേം  ഗ്രാറ്റുവിറ്റീടേം   ഫോമില്‍  എഴുതുന്നതൊഴിച്ചാല്‍  പിന്നീട്  ആ  സ്ഥാപനത്തിലെ   ആര്‍ക്കെങ്കിലും  നിങ്ങളുടെ   മാതാപിതാക്കളെകുറിച്ച്  ചിന്തിക്കേണ്ടി  വരുന്നുണ്ടെങ്കില്‍  അത്  നിങ്ങളുടെ  കയ്യിലിരിപ്പ്  കൊണ്ട്  മാത്രമായിരിക്കും.  അത് പോലെ  തന്നെ   ഒടുക്കം   കൊണ്ടോയി   ‘ഞാനീ   എഴുതിയേക്കണതൊക്കെ   അമ്മച്ചിയാണേ  സത്യാണ്’  എന്നെഴുതി  ഒപ്പിടേണ്ട കാര്യമില്ല;  റെസ്യൂമേ ഒരു  ലീഗല്‍ ഡോക്യുമെന്‍റ് അല്ല.

നമ്മള്‍ വല്യ  സംഭവമാണ്, നമ്മള്‍  ചെയ്തു  കൂട്ടുന്നതൊക്കെ  മഹത്തായ  കാര്യങ്ങളാണ്  എന്നൊക്കെ  ചിന്തിക്കാനും വിശ്വസിക്കാനും  നമുക്കൊക്കെ   അവകാശമുണ്ട്. എന്നാല്‍  അതിന്  യാഥാര്‍ഥ്യവുമായി  വല്യ ബന്ധമൊന്നുമില്ലാത്തത്  കൊണ്ടും, റെസ്യൂമേ എന്നത്  കഞ്ഞിപ്രശ്നം ആയത്  കൊണ്ടും വിവരമുള്ള  ആരെയെങ്കിലും റെസ്യൂമേ  ഒന്ന് വായിച്ച്നോക്കാന്‍ ഏല്‍പ്പിക്കുന്നത്  നന്നായിരിക്കും.  ചുമ്മാ ഒന്ന്  ഓടിച്ചു  നോക്കി  പറയാന്‍  വേണ്ടി  രണ്ട് അഭിപ്രായം  പറയുന്നവരേക്കാള്‍  നിങ്ങള്ക്ക്  വണ്ടി  അത്  ഒരാവര്‍ത്തിയെങ്കിലും  വായിച്ച് നോക്കാന്‍ മാത്രം ആത്മാര്‍ത്ഥതയുള്ള,  സത്യസന്ധമായ  ഫീഡ്ബാക്ക്  തരുന്ന ആര്‍ക്കെങ്കിലും  വേണം  വായിക്കാന്‍  കൊടുക്കാന്‍.  അവര്‍ക്ക്  ടെക് വിവരമോ   ഭാഷാജ്ഞാനമോ   സര്‍വോപരി  ഇത്തിരി   ബോധമോ  ഉണ്ടെങ്കില്‍  വളരേ  നല്ലതാണ്.  അവരൊക്കെ  പറയുന്നത്  അതുപോലെ  അങ്ങ്  മാറ്റിയേക്കുക.

ഇത്രയും കഴിയുമ്പോള്‍  നിങ്ങള്‍  നിങ്ങളുടെ  സ്ക്രീനില്‍  കാണുന്ന  ഡോക്യുമെന്‍റാണ് നിങ്ങളുടെ റെസ്യൂമേ.  അതില്‍  കാണുന്ന  ആളും  നിങ്ങളും  തമ്മില്‍  വല്യ  ബന്ധമൊന്നും   തോന്നില്ലെങ്കിലും   ജോലികിട്ടുംവരെ  അതാണ്‌  നിങ്ങള്‍.  ഇപ്പൊ  ഒരു  കോണ്‍ഫിഡന്‍സ്  ഒക്കെ  തൊന്നും, ആ  സമയത്ത്  പോയി   കണ്ണാടീലൊന്നും   നോക്കിയേക്കരുത്, എന്തിനാ വെറുതേ….

ഇനിയാണ്  ഈ  പ്രോസസ്സിലെ  ഏറ്റവും  കടുത്ത  പരീക്ഷണം.  അതിന്  ചില  മുന്നൊരുക്കങ്ങള്‍  ആവശ്യമാണ്‌. അതുവരെ  കുളിചിട്ടില്ലെങ്കില്‍  പോയൊന്നു  കുളിക്കുക, ഒരു  ചായ  കുടിക്കുക,  ചുറ്റുമുള്ള  എല്ലാ  അലമ്പുകളില്‍നിന്നെല്ലാം  മനസ്  ഫ്രീയാക്കുക. എന്നിട്ട്  റെസ്യൂമേടെ ഒരു പ്രിന്‍റ്  എടുത്ത്  ഓരോ  അരിയും  പെറുക്കി  വായിക്കുക.  ചില  വരികളൊക്കെ  വായിക്കുമ്പോള്‍  ഒരു  കുറ്റബോധം  തോന്നുക  സ്വഭാവീകമാണ്.  അതൊക്കെ  ഒരു  മാര്‍ക്കര്‍ കൊണ്ട് അടയാളപ്പെടുത്തുക.  മൊത്തം  കഴിയുമ്പോ  വേണോങ്കി  ഒരു  ദീര്‍ഘനിശ്വാസം ഒക്കെ ആവാം. ഇപ്പൊ ആ റെസ്യൂമേല് മാര്‍ക്ക്‌  ചെയ്യപ്പെടാത്തതൊക്കെയാണ്  ശെരിക്കും  നിങ്ങള്‍,  ഒക്കെ  ഒന്ന് ബ്രെഷ് അപ്പ്‌ ചെയ്യുക. മാര്‍ക്ക്  ചെയ്തതൊക്കെ   നിങ്ങള്‍ക്കുള്ള   സിലബസ്സാണ്, അതൊക്കെ  പഠിക്കാന്‍  സമയം  കണ്ടെത്തുക.  ഇതുപോലുള്ള  ചവറ്  ബ്ലോഗുകള്‍  വായിച്ച്  കളയുന്ന  സമയമുണ്ടെങ്കില്‍  ചെയ്യാവുന്നതേയുള്ളൂ.. 😉

ഇത്രയും കഴിഞ്ഞാല്‍  ധൈര്യമായി  നിങ്ങള്ക്ക്  ജോബ്‌  സൈറ്റിലൊക്കെ  രെജിസ്റ്റര്‍ ചെയ്യാവുന്നതാണ്.  നിങ്ങള്ക്ക്  നല്ലതേ വരൂ, ഞാന്‍ പ്രാര്‍ഥിക്കണുണ്ട്…

 • അങ്ങനെ ഒരു റെസ്യുമേ തട്ടിക്കൂട്ടി….
  “നന്നായിട്ടുണ്ട് തുടരുക ആശംസകള്‍ “

 • ഏതു ഓര്‍ഗനൈസേഷനും ജോലി തരുന്നത് നിങ്ങള്‍ക്കാണ്, നിങ്ങളുടെ മാതാപിതാക്കള്‍ക്ക് അവിടെ റോള്‍ ഒന്നുമില്ല. അതുകൊണ്ട് അച്ഛന്‍റേം അമ്മേടേം പേരും നാളും ഒന്നും റെസ്യൂമേല് വെക്കേണ്ട കാര്യമില്ല. ജോയിന്‍ ചെയ്യുമ്പോള്‍ പിഎഫിന്‍റേം ഗ്രാറ്റുവിറ്റീടേം ഫോമില്‍ എഴുതുന്നതൊഴിച്ചാല്‍ പിന്നീട് ആ സ്ഥാപനത്തിലെ ആര്‍ക്കെങ്കിലും നിങ്ങളുടെ മാതാപിതാക്കളെകുറിച്ച് ചിന്തിക്കേണ്ടി വരുന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ കയ്യിലിരിപ്പ് കൊണ്ട് മാത്രമായിരിക്കും. 🙂

 • Good one

 • Aiswarya

  അപ്പൊ ഇതാണല്ലേ ലതിന്റെ കഥ 🙂

 • കൊള്ളാം 🙂

 • qookky

  ഈ പോസ്റ്റ് കോഡെഴുതുന്നവർക്ക് വേണ്ടി മാത്രം ക്രോഡീകരിച്ചതാണെന്ന് തോന്നുന്നു, എന്നെ പോലെ രാഷ്ട്ര പുനർനിർമ്മാണത്തിലേക്കായി പ്രവർത്തിക്കുന്നിതുപകരിക്കില്ല.

  A Civil Engineer

 • Akhil

  അപ്പൊ അങ്ങനെയാണ് ആ റെസ്യൂമേ ഉണ്ടായത്.. 🙂

 • ഒരു വാരികയിലും

  അച്ചടിച്ചു വരാതെ പോയ

  കവിതയാണെന്റെ

  റെസ്യൂമെ

 • Cijo

  ninte resume kandappo thanne thonni :p

 • ങ്ങടെ റെസ്യൂമിന്റൊരു കോപ്പി കിട്ടാനെന്താണു വഴി മാഷെ!!
  കലാസ്ര്ഷ്ടികളൊക്കെ കണ്ടുപടിക്കുന്നതാണെയ് എളുപ്പം 😉

Back to top