ഒരു നൂറ്‌രൂപാനോട്ടിന്‍റെ ആത്മകഥ

ഇരുണ്ട മുറികളില്‍ അച്ചടിച്ച്‌ ഉണക്കിയെടുത്ത് കനത്ത പെട്ടികള്‍ക്കുള്ളലാക്കി ആര്‍.ബി.ഐ ബാങ്കുകള്‍ക്ക് വിതരണം ചെയ്യുന്ന അസംഖ്യം ഇന്ത്യന്‍ കറന്‍സികളില്‍ ഒന്നാണ് ഞാന്‍, ഒരു നൂറ്‌രൂപാനോട്ട്. നിങ്ങള്‍ നിര്‍ദയം മടക്കിയ മടക്കുകളില്‍ ദ്വാരം വീണ് പിഞ്ഞിപ്പറിഞ്ഞു സെലോടേപ്പിന്‍റെ കാരുണ്യത്താല്‍ ജീവിതം വലിച്ചു നീട്ടി ഒടുവില്‍ ഇന്നിവിടെ കണ്ടം ചെയ്യറായ മറ്റു നോട്ടുകള്‍ക്കൊപ്പം അന്തിമ വിധിക്കായി കാത്തിരിക്കുന്നു. എനിക്ക് നിങ്ങളോട് ഒരു കഥ പറയാനുണ്ട്, എന്‍റെ ഈ നോട്ട് ജീവിതത്തില്‍ ഞാന്‍ കണ്ട് വിജ്രുംഭിച്ചു പോയ, നിങ്ങള്‍ മനുഷ്യര്‍ക്ക് ഉണ്ട് എന്ന് പറയപ്പെടുന്ന “മനസാക്ഷി” എന്ന സാധനം ശെരിക്കും ഉണ്ടെങ്കില്‍ ഒന്ന് ശ്രെദ്ധിക്കേണ്ട ഒരു കഥ.

ആദ്യമായി ഞാന്‍ പുറംലോകം കാണുന്നത് ഒരു എ.റ്റി.എം മെഷീനിലൂടെയാണ്.  പുതിയ വസ്ത്രങ്ങളും കുടയും ബാഗുമായി, ആദ്യമായി സ്കൂളില്‍ പോകുന്ന കുട്ടിയെപ്പോലെ പുറത്തിറങ്ങിയ ഞാന്‍ അധികം പുറംലോകം കാണാനാവാതെ ക്ലാസ്സ്‌മുറിയില്‍ എത്തപ്പെട്ടത്‌ പോലെ ആ മനുഷ്യന്‍റെ വിലകൂടിയ തടിച്ച പെഴ്സിനുള്ളില്‍ അകപ്പെട്ട് പോയി. അവിടെയെനിക്ക് കുറേ കൂട്ടുകാരുണ്ടായിരുന്നു. പിന്നീടെപ്പോഴോ ഒരു റെസ്റ്റോറന്‍റിലെ തീന്‍മേശയില്‍ അയാളെന്നെ ഒറ്റയ്ക്ക് ഉപേക്ഷിച്ചു.

അവിടന്ന് എന്നെ സ്വന്തമാക്കിയത് ആ റെസ്റ്റോറന്‍റിലെ സപ്ലയറായിയുന്നു. എന്നെ നെഞ്ചോടു ചേര്‍ത്ത് പിടിച്ച ആ പാവത്തിന്‍റെ കണ്ണുകളിലെ തിളക്കം, ആ കണ്ണില്‍ ഉരുണ്ടു കൂടിയ ഒരു തുള്ളി കണ്ണീര്‍, എനിക്ക് ഇന്നും ഓര്‍മയുണ്ട്. പിന്നീട് ആ പാവം എന്നെ എത്തിച്ചത് പ്രശസ്തനായ ഒരു രാഷ്ട്രീയ നേതാവിന്‍റെ കയ്യിലാണ്. ഒരുപാട് കൂട്ടുകാര്‍ക്കൊപ്പം എന്നെ അയാള്‍ക്ക്‌ കൈമാറുമ്പോള്‍ ആ പാവം ഒരുപാട് വേദനിക്കുന്നുണ്ടായിരുന്നു, മനസുകൊണ്ട് കരയുന്നുണ്ടായിരുന്നു. ഒരു തുണ്ട് കടലാസ് കഷണത്തോട് ആള്‍ക്കെന്താവും ഇത്ര അറ്റാച്ച്മെന്‍റ്,  പ്രേമലേഖനമൊന്നുമല്ലല്ലോ, ഒരു നോട്ടല്ലേ ഞാന്‍?.

ആ രാഷ്ട്രീയ നേതാവാണ് ആദ്യമായി എന്നെ രണ്ടായി മടക്കിയത്. സുതാര്യമായ ആ ഖദര്‍ ഷര്‍ട്ടിന്‍റെ പോക്കറ്റിലിരുന്ന് ഞാന്‍ ഒരുപാട് കാഴ്ചകള്‍ കണ്ടു. കൊടിതോരണങ്ങളും നിറഞ്ഞുകവിഞ്ഞ പ്രചാരണ വേദികളും ഒക്കെ. അഴിമതിക്കും മദ്യത്തിനുമൊക്കെ എതിരെ നേതാവ് ഘോരഘോരം പ്രസംങ്ങിച്ചു. ആ ആള്‍ തന്നെ നാല് ഗ്ലാസ്‌ മദ്യത്തിന് പകരം എന്നോടൊപ്പമുണ്ടായിരുന്ന നോട്ടുകളെ എടുത്ത് കൊടുക്കുകയും ചെയ്തു. അവിടെ വച്ച് ആളെ നേതാവാക്കിയ ജനത്തെക്കുറിച്ച് അയാള്‍ പുച്ഛത്തോടെ സംസാരിച്ചു. മനുഷ്യരെ തമ്മില്‍ തല്ലിച്ചു നേട്ടങ്ങളുന്‍ണ്ടാക്കുന്നതിനെ ക്കുറിച്ചൊക്കെ പറയുന്നത് കേട്ടപ്പോ ഇയാളും ഒരു മനുഷ്യനല്ലേ എന്ന് സംശയിച്ച് പോയി. ഞാന്‍ മാത്രമല്ല എന്നോടൊപ്പം രാഷ്ട്രപിതാവും ഇതൊക്കെ കാണുന്നുണ്ടായിരുന്നു. അദ്ദേഹത്തിന് എന്ത് തോന്നിയിട്ടുണ്ടാവും?. പിന്നെ അന്ന് രാത്രിയിലെപ്പോഴോ അരണ്ട വെളിച്ചത്തില്‍ നഗ്നയായ ഒരു സ്ത്രീ ശരീരത്തിനു നേര്‍ക്ക്‌ എന്നെ അവജ്ഞയോടെ വലിച്ചെറിഞ്ഞു ആ ദുഷ്ടന്‍. പിന്നെ ഞാന്‍ അയാളെ കണ്ടിട്ടില്ല.

പിന്നീട് എന്‍റെ ജീവിതം ചേരികളിലും ചന്തകളിലുമായിരുന്നു. പലരും എന്നെ നാലായി മടക്കി അടിവസ്ത്രങ്ങളില്‍ തിരുകി. വിയപ്പും പൊടിയുമേറ്റ് എന്‍റെ ഗ്ലാമറൊക്കെ പോയി. തൊഴിലാളികള്‍ക്കും വേശ്യകള്‍ക്കും വിയര്‍പ്പിന് പകരമായി ഞാന്‍ കൈമാറ്റം ചെയ്യപ്പെട്ടു. അമ്മമാര്‍ നാളത്തെ ആഹാരത്തിനായി എന്നെ കരുതിവച്ചു; അച്ഛന്‍മാര്‍ പെമ്മക്കളുടെ കല്യാണത്തിനായും. മക്കള്‍ എന്നെ ബാറിലും തീയറ്ററിലും ബ്യൂട്ടിപാര്‍ലറിലും ഒക്കെ കൊണ്ട് കൊടുത്തു. ചിലരെന്നെ ദൈവത്തെ പോലെ ബഹുമാനിച്ചു, ചിലര്‍ ഒരു തുണ്ട് പേപ്പറായിപ്പോലും പരിഗണിച്ചില്ല. ഇവിടങ്ങളിലൊക്കെവച്ച് പച്ചയായ മനുഷ്യജീവിതം കാണുകകയായിരുന്നു ഞാന്‍. ടിപ്പായി, കൂലിയായി, കൈക്കൂലിയായി, ശമ്പളമായി, ക്യപ്പിറ്റേഷനായി, കള്ളപ്പണമായി കാലമൊരുപാട്, മനുഷ്യരോടൊപ്പം. നിങ്ങള്‍ തരുന്ന വില്യ്ക്കപ്പുറം ഞാന്‍ ഒന്നുമല്ലെന്ന് തിരിച്ചറിഞ്ഞു.

കുളിച്ച് ശുദ്ധനായി അമ്പലത്തില്‍ വരുന്ന ഭക്തന് പ്രസാദം ‘ഇട്ടു’ കൊടുക്കുന്ന ശാന്തിക്കാരന്‍ പോലും അറവുശാലയിലെ രക്തം പുരണ്ട എന്നെ കൈകൊണ്ടു തൊടുന്നത്, ഘടാഘടികന്‍ തത്ത്വശാസ്ത്രങ്ങള്‍ എനിക്ക് മുന്നില്‍ മുട്ടുമടക്കുന്നത്, പേരും പദവിയും പ്രശസ്തിയും ഒക്കെ എന്നെക്കൊണ്ട് വിലയ്ക്ക് വാങ്ങുന്നത്, പിച്ചച്ചട്ടിയില്‍ നിന്ന് എന്നെ കയ്യിട്ടു വാരുന്നത്… അവിശ്വസനീയമായ ഒരു ജീവിത യാത്രയ്ക്കൊടുവില്‍ പേരുദോഷം മാത്രം ബാക്കിയാവുമ്പോള്‍, “പണം ആണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം” എന്ന വരട്ട് വാദത്തിലൂടെ നിങ്ങളുടെ എല്ലാ ദുരാഗ്രഹങ്ങള്‍ക്കും ദുഷ്ടതകള്‍ക്കും നിങ്ങള്‍ എനിക്ക് നേരെ വിരല്‍ ചൂണ്ടമ്പോള്‍, സത്യം പറയട്ടെ.. എനിക്ക് നിങ്ങളോട് സഹതാപമാണ് തോന്നുന്നത്. എന്തിനായിരുന്നു ഇതൊക്കെ എന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ?, ഇനി ചിന്തിക്കാന്‍ പ്ലാനുണ്ടോ?.

ഒരുപാടൊക്കെ ഇനീം പറയണമെന്നുണ്ട്, വേണ്ട, മതിയായി. എനിക്ക് ഇനി അധിക സമയം ബാക്കിയില്ല, ഇനിയുമൊരു കടലാസ് ജന്മമുണ്ടെങ്കില്‍ ടോയിലറ്റ് പേപ്പാറയാലും ഒരു കറന്‍സിയാവരുതേ എന്ന പ്രാര്‍ത്ഥന മാത്രം ബാക്കി. അത്രയ്ക്കൊക്കെ കണ്ടു, മടുത്തു.

 • ഇതുപോലുള്ള ഒരു പാഠം ഇംഗ്ലീഷിൽ വായിച്ചതായി ഒരു ഓർമ്മ,
  എഴുത്ത് നന്നയി.

 • Nisha C

  കൊള്ളാം, സൂപ്പര്‍

 • പട്ടിയോ പൂച്ചയോ ആയി ജനിക്കാം..അപ്ഫനായി ജനിക്കാൻ ഇടവരരുതേ എന്ന് പഴയൊരു പ്രാർത്ഥന..

 • SAJU JOHN

  Superb dear……….

 • കഥയില്‍ ചെറിയ ഒരു പിശക് ഉണ്ട്… രാഷ്ട്രീയക്കാരന്‍ മദ്യത്തിനു പകരമായി തന്നെ കൊടുത്തു എന്നും അതിനു ശേഷം രാത്രി ഏതോ വേശ്യക്ക് കൊടുത്തു എന്നും ഒരേ സമയം പറയുന്നു…  രാഷ്ട്രീയക്കാരെ കുറിച്ച് മാത്രം ചിലത് പറയാന്‍ എഴുതിയതാണോ.. നന്നായിട്ടുണ്ട്.. ഒരു മോഷണത്തിന്റെ ഭാഗം കൂടി ഉള്പ്പെടുതനമായിരുന്നു 

  • ഇല്ലല്ലോ, മദ്യത്തിന് പകരം ‘കൂടെയുള്ളവരെ’ കൊടുത്തു എന്നാണ് എഴുതിയത് (സത്യായിട്ടും തിരുത്തീതല്ല, പോസ്റ്റ്‌ ബസ്സിലും ഷെയര്‍ ചെയ്തിട്ടുണ്ട്)

 • Hashim

  നല്ല കഥ 🙂

 • Manorajkr

  ഹാ.. എത്ര സുന്ദരമായ എഴുത്ത്.. മനോഹരമായി ഈ തീം വര്‍ക്ക് ഔട്ട് ചെയ്യിച്ചിരിക്കുന്നു..

 • നന്നായിട്ടുണ്ട്.

 • ഷാജു അത്താണിക്കല്‍

  വളരെ വ്യത്യസ്ത്മായൊരു പോസ്റ്റ്
  പുതൊയ ചിന്ത കൊള്ളാം

 • Anu

  നല്ല ആശയം, നന്നായി എഴുതി..

 • Anonymous

  “അവിടന്ന് എന്നെ സ്വന്തമാക്കിയത് ആ റെസ്റ്റോറന്‍റിലെ സപ്ലയറായിയുന്നു. എന്നെ നെഞ്ചോടു ചേര്‍ത്ത് പിടിച്ച ആ പാവത്തിന്‍റെ കണ്ണുകളിലെ തിളക്കം, ആ കണ്ണില്‍ ഉരുണ്ടു കൂടിയ ഒരു തുള്ളി കണ്ണീര്‍,”

  വായിച്ചപ്പോള്‍ കണ്ണില്‍ ഒരു തുള്ളി വന്നോ, അതോ തോന്നിയതാണോ. അറിയില്ല!

 • Hashim

  കൊള്ളാം നചി, ഇതുപോലെ നല്ല നല്ല ഐറ്റംസ് പോരട്ടെ 

Back to top